തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെച്ചൂളി പറക്കണ്ടിയില്‍ സുധീഷ് (48) ആണ് മരിച്ചത്.
പാടിപ്പറ്റപറമ്പിലെ പ്ലാവിനുമുകളിലെ തേനീച്ചക്കൂട്ടില്‍ പരുന്തുവന്ന് കൊത്തിയതിനെത്തുടര്‍ന്ന് വലിയ തേനീച്ചക്കൂട്ടം ഇളകിപ്പറക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. തൊട്ടടുത്ത പറമ്പില്‍ കമുകിന് വളമിടുകയായിരുന്ന രാമചന്ദ്രനെയാണ് തേനീച്ചക്കൂട്ടം ആദ്യം കുത്തിയത്. മുണ്ടഴിച്ച് ശരീരംമൂടി വീട്ടിലേക്കോടിയ ഇദ്ദേഹം സഹായത്തിനായി സുധീഷിനെ വിളിക്കുകയായിരുന്നു.
വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന സുധീഷ് ചൂട്ടുകത്തിച്ച് തേനീച്ചയെ അകറ്റാനായി ഓടിയെത്തി. പക്ഷേ, തേനീച്ചക്കൂട്ടം സുധീഷിനെ വളഞ്ഞിട്ടുകുത്തി.ദേഹമാസകലം കുത്തേറ്റ സുധീഷ് വീട്ടിലേക്കോടി കൃഷിക്കായി തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങിക്കിടന്നു. തേനീച്ചകള്‍ വിടാതെ പിന്തുടര്‍ന്നതോടെ വീട്ടിനകത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്ത് കുഴഞ്ഞുവീണു.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സുധീഷിനെയും രാമചന്ദ്രനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവരെ കൊണ്ടുപോകുന്ന വാഹനത്തെപ്പോലും തേനീച്ചക്കൂട്ടം പിന്തുടര്‍ന്നിരുന്നു.
തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുധീഷ് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha























