മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് റോഡിൽ പാര്‍ക്ക് ചെയ്ത രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; അപകടമുണ്ടാക്കിയ ട്രാഫിക് എസ്.ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് പാതയോരത്തിൽ പാര്‍ക്ക് ചെയ്ത രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച എസ്.ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്.
പട്ടത്തിന് സമീപം പൊട്ടക്കുഴിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അനില്‍കുമാര്‍ ഓടിച്ച കാര്‍ പാതയോരത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് ഇടിച്ചിട്ടശേഷം മറ്റൊരു ബൈക്കില്‍ ഇടിച്ച് ഏറെ ദൂരം നിരക്കികൊണ്ട് പോവുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ബൈക്കുകള്‍ക്ക് സാരമായ രീതിയിലായിരുന്നു തകരാറുകൾ സംഭവിച്ചത്. ഒരു ബൈക്കിന്റെ ഇന്ധനടാങ്ക് തകര്‍ന്ന് റോഡില്‍ ഇന്ധനം ഒഴുകി.
അപകടത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവര്‍ സ്ഥലത്തെത്തി. കാറിെന്റ പിന്‍സീറ്റില്‍ പൊലീസ് യൂനിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനം രോഷാകുലരായി. മെഡിക്കല്‍ കോളജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ പൊലീസ് അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. കാര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി. അപകടത്തെ തുടര്‍ന്ന് പൊട്ടക്കുഴി-മുറിഞ്ഞപാലം ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യപരിശോധനയില്‍ അനില്‍കുമാര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. എസ്.െഎക്കെതിരെ കേസെടുത്തതായി മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുള്ള കേസിനുപുറമേ ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























