ആര്യനാട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ:- ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ കേക്ക് വാങ്ങി, ഭർത്താവ് ജോലിക്ക് പോയതിന് പിന്നാലെ കിടപ്പ് മുറിയിൽ കയറി: കതക് തട്ടിയിട്ടും തുറക്കാതെ വന്നതോടെ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മരുമകളെ...

തിരുവനന്തപുരം ആര്യനാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്.
രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചെങ്കിലും കാരണം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാകുറിപ്പോ, പരാതിയോ ഒന്നും തന്നെ പോലീസിന് പ്രാഥമികമായ പരിശോധനയിൽ ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു ആദിത്യയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡ്രൈവറാണ് ഭർത്താവ് മിഥുൻ.
മിഥുൻ ജോലിക്ക് പോയതിന് ശേഷമാണ് ആത്മഹത്യ. മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനമായിരുന്നു ഇന്ന്. ഇതിനായി കേക്ക് വാങ്ങി, മിഥുൻ ഉച്ചക്ക് വന്നതിന് ശേഷം ആഘോഷിക്കാമെന്നും പറഞ്ഞാണ് മിഥുൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതിന് പിന്നാലെ ആദിത്യ മുറിയിലേയ്ക്ക് കയറുകയായിരുന്നു.
നേരം ഏറെ ആയിട്ടും ആദിത്യയെ പുറത്തേയ്ക്ക് കാണാതായതോടെ അന്വേഷിച്ച് മുറിയുടെ വാതിൽക്കൽ എത്തി വിളിച്ചെങ്കിലും അനക്കം ഉണ്ടായിരുന്നില്ല. അകത്ത് നിന്ന് പൂട്ടിയ മുറിയുടെ വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് ആദിത്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 25ന് ആയിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha

























