കൊച്ചുമക്കളുമായി കളിച്ച പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് അയൽവാസി: രക്ഷപ്പെടാൻ ഓടിയ വിദ്യാർത്ഥിയെ വടി വീശി അടിച്ച് കണ്ണിന് ഗുരുതര പരിക്ക്

കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിൽ പ്രകോപിതനായി പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസി. ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുണിന് മർദ്ദനത്തിൽ കണ്ണിന് ഗുരുതര പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ കുട്ടിയെ തുടർ ചികിത്സയ്ക്ക് എത്തിച്ചു.
അയൽവാസി ശാർങ്ങധരൻ വിദ്യാർത്ഥിയെ മർദ്ദിച്ച് ദേഹമാസകലം പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. ശാർങ്ങധരൻ്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ തല്ലുകയും ചെയ്തു.
കുട്ടികളുടെ കളിസാധനങ്ങൾ ഇയാൾ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്.
കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമർദ്ദനമാണ് ശാർങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛനും വ്യക്തമാക്കുന്നു. പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha

























