അക്കൗണ്ട് തുടങ്ങാനാണെന്ന പേരിൽ ബാങ്കിലെത്തി ; കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയോട് മൂവായിരം രൂപ നൽകാൻ ആവശ്യപ്പെട്ടു; അക്കൗണ്ടിൽ തൊണ്ണൂറ് രൂപ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞതോടെ പോക്കറ്റിൽ നിന്ന് ബ്ളേഡ് എടുത്ത് ജീവനക്കാരിയെ ആക്രമിച്ചു ;യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

പണം തട്ടിപ്പറിക്കാൻ ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു . യുവാവിനെ പിടിക്കൂടി പോലീസ്. എസ് ബി ഐ കോട്ടയം മെഡിക്കൽ കോളേജ് ശാഖയിലെ ജീവനക്കാരിയാണ് അതിക്രമം നേരിട്ടത്. ബാങ്കിലെത്തിയ യുവാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മൂലേടം സ്വദേശി ജേക്കബ് (39) ആണ് ബാങ്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ട്രോമ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവാണ് അക്രമണം നടത്തിയത്. ഇയാൾ അക്കൗണ്ട് തുടങ്ങാനാണെന്ന പേരിൽ ബാങ്കിലെത്തുകയായിരുന്നു. ശേഷം കൗണ്ടറിലുണ്ടായിരുന്ന ആർദ്രയെന്ന ജീവനക്കാരിയോട് മൂവായിരം രൂപ നൽകാൻ പറഞ്ഞു . പക്ഷേ ഇയാളുടെ അക്കൗണ്ടിൽ തൊണ്ണൂറ് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
അത്രയും തുകയില്ലെന്നറിയിച്ചപ്പോൾ പോക്കറ്റിൽ നിന്ന് ബ്ളേഡ് എടുത്ത് ജീവനക്കാരിയെ ആക്രമിക്കുവാൻ തുടങ്ങി .എന്നാൽ മറ്റൊരു ജീവനക്കാരനായ ജയ്സൺ തടഞ്ഞതിനാൽ ജീവനക്കാരി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു . ബഹളം കേട്ടെത്തിയ സുരക്ഷാജീവനക്കാരനായ ഗോപിയും മറ്റുള്ളവരും ചേർന്ന് അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു .
അരമണിക്കൂറോളം ഇയാൾ ബാങ്കിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി . ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ ജയ്സണിനെയും ഗോപിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതിനിടയിൽ ബ്ളേഡുകൊണ്ട് കൈ മുറിഞ്ഞ ജേക്കബിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
https://www.facebook.com/Malayalivartha
























