വേലിയിലിരുന്ന പാമ്പിനെ എടുത്തപ്പോള്‍... ഒരുകാലത്ത് മലയാളികളുടെ പേടിസ്വപ്നമായിരുന്ന സുകുമാര കുറുപ്പ്, കുറുപ്പ് എന്ന സിനിമയിലൂടെ വീണ്ടും ജീവിക്കുന്നു; സുകുമാരക്കുറുപ്പ് മരിച്ചോ അതോ ജീവിച്ചിരിക്കുന്നുവോ എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമ വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു എന്നതുപോലെയായി. മലയാളികളുടെ മനസില്‍ ഇന്നും മരിക്കാതെ ഓര്‍മ്മയായി സുകുമാരക്കുറുപ്പുണ്ട്. ഒരു കാലത്ത് പേടിസ്വപ്നമായിരുന്നു സുകുമാരകുറുപ്പ്. കാലം ഏറെ കഴിഞ്ഞിട്ടും സുകുമാര കുറുപ്പിനെ പിടിച്ചില്ല എന്ന് മാത്രമല്ല എവിടെയെന്ന് കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
സുകുമാര കുറുപ്പ് എന്ന കൊടുംകുറ്റവാളിയുടെ പേര് വര്‍ഷമേറെ കഴിഞ്ഞിട്ടും മലയാളികളെ ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പ് എന്ന വിശേഷണം ഇപ്പോഴും നില്‍ക്കുകയാണ്.
ക്രൂരമായ കുറ്റകൃത്യങ്ങള്‍ കേരളം ഏറെ കണ്ടിട്ടുണ്ട്. അതിലൊക്കെ പിടികൂടപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഒരു തുമ്പുപോലുമില്ലാത്ത കേസുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ അകത്തും പുറത്തും പോയി പൊലീസ് തെളിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എത്രയൊക്കെ പൊന്‍തൂവലുകള്‍ അണിഞ്ഞാലും 'കുറുപ്പിനെ പിടിക്കാത്ത പൊലീസ്' എന്ന നാണക്കേട് ഇപ്പോഴും കേരള പൊലീസിനു മേലുണ്ട്.
കുറുപ്പ് എന്ന സിനിമയിലൂടെ സുകുമാരക്കുറുപ്പ് വീണ്ടും ചര്‍ച്ചയിലെത്തുമ്പോള്‍ കേരള പൊലീസിനെ വട്ടംകറക്കിയ കുറുപ്പിന്റെ പിന്നാമ്പുറം വീണ്ടും ചര്‍ച്ചയാകുന്നു. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ ആ കുറ്റകൃത്യം കേരളം ഇന്നും മറന്നിട്ടില്ല. ലോംഗ് പെന്‍ഡിംഗ് കേസായി അവശേഷിക്കുമ്പോഴും കുറ്റാന്വേഷകരാരും സുകുമാരക്കുറുപ്പിനെ ഇനി പ്രതീക്ഷിക്കുന്നില്ല.
കുറുപ്പ് ഹൃദ്രോഗത്താല്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അന്ന് എസ്.ഐ.ടിയിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായിരുന്ന റിട്ട.എസ്. പി ജോര്‍ജ് ജോസഫ് മണ്ണുശേരി പറയുന്നത്. കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് , ' ജോഷി സണ്‍ ഓഫ് ഡോ. സരള ജോഷി ' എന്ന വ്യാജ മേല്‍വിലാസത്തില്‍ ബീഹാര്‍, ബംഗാള്‍ തുടങ്ങിയയിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു.
ഏറ്റവുമൊടുവില്‍ 1990 ജനുവരി 14 ന് ബംഗാളിന്റെയും ബീഹാറിന്റെയും അതിര്‍ത്തിയിലുള്ള റൂക്ക് നാരായണ്‍പൂര്‍ പബ്‌ളിക്ക് ഹെല്‍ത്ത് സെന്ററിലെ ഒ.പിയില്‍ പി.ജെ. ജോഷി എന്നപേരില്‍ കുറുപ്പ് പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയയും മൂന്നുമാസത്തെ വിശ്രമവും നിര്‍ദ്ദേശിച്ചെങ്കിലും പിടിക്കപ്പെടുമെന്ന ഭയംമൂലം സ്ഥലംവിടുകയായിരുന്നു. പിന്നീട് ഒരു ആശുപത്രിയിലും കുറുപ്പെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കുറുപ്പ് മരിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജോര്‍ജ് ജോസഫിന്റെ വാദം. അനാഥശവമായി കുറുപ്പിനെ മറവ് ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മരിച്ചയാളുടെ മൃതദേഹം, പ്രായം, വിലാസം, ഫോട്ടോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ സുകുമാരക്കുറുപ്പ് മരിച്ചതായി എഴുതിച്ചേര്‍ത്തിട്ടില്ല.
ആ കേസ് ഫയല്‍ ലോംഗ് പെന്‍ഡിംഗായി (എല്‍.പി) തുടരുകയാണ്. തെളിവുകള്‍ ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഫയല്‍ ഓപ്പണ്‍ ചെയ്യാനാവും എന്ന പ്രതീക്ഷയോടെ. പോലീസിന് അങ്ങനെ സുകുമാരക്കുറുപ്പ് വീണ്ടും തലവേദനയാകുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ വന്നതോടെ വീണ്ടും ചര്‍ച്ചയാകുകയാണ്. സിനിമയ്ക്കകത്ത് പറയുന്ന കാര്യങ്ങള്‍ വീണ്ടും സുകുമാരക്കുറുപ്പിനെ സജീവമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
"
https://www.facebook.com/Malayalivartha


























