പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച, ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന്റെ ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിമ് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല.
തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫീസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ട് വിലയിരുത്തുന്നു.
ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി. 1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha


























