പ്രണയിനിയുമായി തെറ്റി പിരിഞ്ഞതോടെ പ്രതികാര ദാഹിയായി 24 വയസ്സുക്കാരൻ; പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയി മർദിച്ചു; യുവതിയുടെ ബഹളംകേട്ട് ആളുകൾ ശ്രദ്ധിച്ചതോടെ സംഭവ സ്ഥലത്തു നിന്നും യുവതിയുമായി ആളൊഴിഞ്ഞ ഇടത്തേക്ക്; യുവതിയുടെ വായ ബലമായി തുറപ്പിച്ച് പെട്രോൾ ഒഴിക്കാൻ ശ്രമം;നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്

മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമം . കേസിൽ യുവാവിനെ പൊലീസ് പിടികൂടി. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മൂലവട്ടം മാടമ്പുകാട് സ്വദേശിയായ പത്തൊൻപതുകാരിയായും ജിതിനും മുൻപ് അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയും ചെയ്തു. ഇതേ തുടർന്നു കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പൂവൻതുരുത്തിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്കു പോകുന്നതിനായാണ് യുവതി ഇറങ്ങിയത്. ഈ സമയം ഓട്ടോറിക്ഷയുമായി പിന്നാലെ എത്തിയ പ്രതി, സംസാരിക്കുന്നതിനായി യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിയ ശേഷം ഓട്ടോ ഓടിച്ച് പോകുകയായിരുന്നു.
നാട്ടകം ബൈപ്പാസ് ഭാഗത്ത് വണ്ടി നിർത്തി പുറത്തിറങ്ങിയ പ്രതി യുവതിയെ മർദിച്ചു. തുടർന്നു, യുവതി ബഹളം വച്ചതോടെ ആളുകൾ ശ്രദ്ധിച്ചു. ഇതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും യുവതിയെയുമായി രക്ഷപെടാൻ ശ്രമിച്ചു. ഇവിടെ നിന്നും ഓട്ടോ ഓടിച്ചു പോയ പ്രതി മറ്റൊരു സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം യുവതിയുടെ വായിൽ പെട്രോൾ ഒഴിക്കാൻ ശ്രമിച്ചു.
യുവതിയുടെ വായ ബലമായി തുറപ്പിച്ച ശേഷമാണ് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച കുപ്പി യുവതി തട്ടിക്കളയുകയായിരുന്നു. ജോലിയ്ക്കായി പോയ വീട്ടുകാർ തിരികെ എത്തിയപ്പോൾ യുവതി വിവരം ധരിപ്പിച്ചു. തുടർന്നു, യുവതി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി.
സംഭവം പൊലീസിൽ അറിയിച്ചതിനെ തുടർന്നു വനിതാ പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പുലർച്ചെയോടെ വീട്ടിൽ നിന്നും യുവതിയെ ആക്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി
https://www.facebook.com/Malayalivartha



























