മദ്യം ഒഴുകിയ രാവുകൾ, അനുമതി നൽകിയ സമയം കഴിഞ്ഞും ഹോട്ടലിൽ മദ്യവിൽപ്പന, അഞ്ജന ഷാജനും അൻസി കബീറും ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ തുടർച്ചയായി നിയമലംഘനം നടത്തിയെന്ന് എക്സൈസ്

കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മോഡലുകളായ അഞ്ജന ഷാജനും അൻസി കബീറും ഉൾപ്പെടെയുള്ളവർ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ തുടർച്ചയായി നിയമലംഘനം നടത്തിയിരുന്നതായി എക്സൈസ്. മോഡലുകൾ അപകടത്തിൽ മരിച്ച ദിവസവും നിശ്ചിത സമയം കഴിഞ്ഞ് ഹോട്ടലിൽ മദ്യം വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ.
ഒക്ടോബർ 31 പുലർച്ചെയാണ് ഇവർ അപകടത്തിൽ മരിച്ചത്. അനുമതി നൽകിയിരിക്കുന്ന സമയം കഴിഞ്ഞ് ഹോട്ടലിൽ മദ്യവിൽപ്പന നടക്കുന്നുവെന്ന പരാതികളിൽ അന്വേഷണം നടത്തി മുന്നറിയിപ്പ് അടക്കമുള്ള നിർദേശങ്ങൾ നൽകിയെങ്കിലും നിശ്ചിത സമയം കഴിഞ്ഞുള്ള മദ്യ വിതരണം പിന്നീടും തുടർന്നുവെന്നാണ് എക്സൈസ് ജില്ലാ മേധാവിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഒക്ടോബർ 23ന് സമയം ലംഘിച്ചു മദ്യം വിളമ്പിയതായി പരാതി ലഭിച്ചിരുന്നു. ഹോട്ടലിലെ ബാർ നടത്തിപ്പിലാണ് തുടർച്ചയായി പരാതികൾ ഉയർന്നതോടെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്.നിശ്ചിത സമയം കഴിഞ്ഞും മദ്യ വിൽപ്പന പതിവായതോടെ ഹോട്ടലിൻ്റെ ബാർ ലൈസൻസ് തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.
എന്നാൽ, ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് മാത്രം ഫലമുണ്ടാകില്ലെന്നും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുടമ റോയി വയലാറ്റിനെ എക്സൈസ് ചോദ്യം ചെയ്തേക്കും.
അതേസമയം മോഡലുകൾ പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ ഹാർഡ് ഡിസ്ക് എറിഞ്ഞെന്നാണ് ഹോട്ടൽ ജീവനക്കാരന്റെ മൊഴി.
ഇതിനിടെ കൊച്ചി കായലിൽനിന്ന് മൽസ്യത്തൊഴിലാളികൾക്ക് ഒരു ഹാർഡ് ഡിസ്ക് ലഭിച്ചു. ഉപയോഗശൂന്യമായ വസ്തുവെന്ന് കരുതി കായലിൽ തിരികെ ഉപേക്ഷിച്ചുവെന്ന് ഇവർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്ന് മൽസ്യബന്ധന വല ഉപയോഗിച്ച് കായലിൽ പരിശോധന നടത്താൻ പൊലീസ് നീക്കം തുടങ്ങിയിരുന്നു.
കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കണ്ടെത്താൻ 2 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു സംഘം കായലിൽ തിരച്ചിൽ തുടരും. ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞിട്ടില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും ചോദ്യംചെയ്യലുമാണു രണ്ടാമത്തെ സംഘം നിർവഹിക്കുന്നത്. കായലിൽ ഇന്നലെ നടത്തിയ തിരച്ചിലും ഫലം കാണാതിരുന്ന സാഹചര്യത്തിലാണു രണ്ടാമത്തെ സാധ്യതയും പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha