ഇനി ഒരാൾ കൂടി ഒളിവിൽ... നാടിനെ നടുക്കിയ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ മിഠായി ശ്യാമടക്കം രണ്ടുപേർ പിടിയിൽ....

നാടിനെ ഞെട്ടിച്ച പോത്തൻകോട് കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വെട്ടിക്കൊന്ന കേസിലെ കേസിൽ മുഖ്യപ്രതിയടക്കം രണ്ടു പേർ പിടിയിൽ. ഒന്നാം പ്രതി സുധീഷ് എന്ന ഉണ്ണി ,മൂന്നാം പ്രതി ശ്യാം എന്ന മിഠായി ശ്യാം എന്നിവരാണ് പിടിയിൽ.കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് മൂന്നാം പ്രതിയായ ശ്യാം.ഇതോടെ കേസിൽ പിടികൂടിയവരുടെ എണ്ണം പത്തായി. 11 അംഗ സംഘമാണ് സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇനി കൊലയാളി സംഘത്തെ ഏകോപിപ്പിച്ച ഒട്ടകം രാജേഷ് എന്നയാളെകൂടിയാണ് പിടികൂടാനുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയായ സുധീഷെന്ന ഉണ്ണിയുടെ ആവശ്യപ്രകാരമാണ് കൊലപാതകം നടത്തിയെന്നാണ് വെളിപ്പെടുത്തൽ. ഉണ്ണിയുടെ അമ്മയ്‌ക്കു നേരെ കൊല്ലപ്പെട്ട സുധീഷ് ബോംബ് എറിഞ്ഞതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികളിലൊരാളായ ശ്യാമിനെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സുധീഷ് മർദ്ദിച്ചതും പകയ്‌ക്ക് കാരണമായി.
ശനിയാഴ്ചയാണ് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘം സുധീഷിനെ ആക്രമിച്ചത്. തുടർന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ മാസം ആറിനാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ നടക്കുന്നത്. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയെ കൊല്ലപ്പെട്ട സുധീഷ് ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചിരുന്നു. ഊരുപൊയ്ക മങ്കാട്ടുമൂലയിൽ വച്ചാണ് ഇത് നടന്നത്. പ്രദേശവാസികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഭാര്യാ സഹോദരനുമായ ശ്യാമിനെയും സുധീഷ് മർദ്ദിച്ചിരുന്നു.
കൊലയ്ക്ക് പിന്നാലെ സുധീഷ് തമിഴ്‌നാട്ടില്‍ ഒളിവില്‍ പോയിരുന്നു. പോത്തന്‍കോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.നേരത്തെ കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ ഡമ്മി എന്ന അരുണ്‍, വെഞ്ഞാറമ്മൂട് ചെമ്പൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സച്ചിന്‍, കോരാണി വൈഎംഎ ജംക്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു, തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു.
നേരത്തെ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു.ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ മങ്കാട്ടുമൂലയിൽ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടൻ പടക്കം എറിയുകയും ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതും പകയ്ക്കു കാരണമായി.
സംഘം കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി.
https://www.facebook.com/Malayalivartha