വീണ്ടും സരിത രംഗത്ത്... തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് സരിത എസ് നായര്‍; വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയില്‍; ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്; ആരെന്നു വെളിപ്പെടുത്തും

ഒരിടവേളയ്ക്ക് ശേഷം സരിത എസ് നായര്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നാണ് സരിത നായരുടെ ആരോപണം. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു അവര്‍.
വളരെ ദയനീയമായാണ് തന്റെ അവസ്ഥ സരിത വിവരിക്കുന്നത്. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാനാണ് ഇവര്‍ കൊട്ടാരക്കരയിലെത്തിയത്. 2015 ജൂലായ് 18ന് രാത്രി 12ന് എം.സി.റോഡില്‍ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു.
കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കു പറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴിനല്‍കി. വിധിപറയാനായി കേസ് 29ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.
സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരത്ത് വെച്ച് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ സരിത നായരെ അന്ന് കോടതി അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് സി.ജെ.എം മൂന്നാം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു എങ്കിലും സരിത നായര്‍ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.
കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണായിരുന്നു സരിതയുടെ ജാമ്യം കോടതി റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
പുതിയ സാഹചര്യത്തില്‍ സരിതയുടെ വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആര് വിഷം നല്‍കിയെന്ന വെളിപ്പെടുത്തല്‍ മറ്റൊരു വിവാദമാകും.
https://www.facebook.com/Malayalivartha