കേരളത്തെ തള്ളാനില്ല... പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വളരെ സഹായകരമായി; ഒരുപാട് ഇളവുകള്‍ നല്‍കി; കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലരും കുറ്റപ്പെടുത്തുമ്പോഴും ഉള്ളുതുറന്ന് പറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയ ശേഷം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിയമത്തില്‍ ഒരുപാട് ഇളവുകള്‍ നല്കി. അതിനാലാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങാനായത്. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേരളത്തേയും യൂസഫലി തള്ളിക്കളയുന്നില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ല. നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞാല്‍ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും. പഠിച്ചാലും ഇവിടെ ജോലിയില്ലെന്ന് തെറ്റിദ്ധരിക്കുമെന്നും യൂസഫലി പറഞ്ഞു.
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് നഷ്ടത്തിലാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ലാഭത്തിലായാലും നഷ്ടത്തിലായാലും ജനിച്ച നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് മറ്റെവിടെ തുടങ്ങുന്നതിനേക്കാള്‍ സംതൃപ്തിയുണ്ട്. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കും.
കോഴിക്കോട്ട് തുടങ്ങുന്ന മാളിന്റെ പണി ആരംഭിച്ചു. കോട്ടയത്ത് ഉടന്‍ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിലും ലുലു മാള്‍ വ്യാപിപ്പിക്കുന്നുണ്ട്. അഹമ്മദാബാദില്‍ പണി ആരംഭിച്ചു. മധ്യപ്രദേശില്‍ ഉടന്‍ ആരംഭിക്കും. ഇലക്‌ട്രോണിക് രംഗത്തും ലുലു ഗ്രൂപ്പ് പ്രവേശിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കയറ്റുമതി കൊച്ചിയില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ അസംബ്ലിങ് കേന്ദ്രത്തിനുള്ള ഇടം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകള്‍ വഴി വിറ്റഴിക്കാനാണ് കൊച്ചിയിലെ പദ്ധതി.
തിരുവനന്തപുരത്തെ മാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തിലധികം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതോടെ അധികമായി ചെലവായി. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. രണ്ടായിരം കോടി രൂപ ചെലവില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. 2,500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഫുഡ് കോര്‍ട്ടും സജ്ജമായി. 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പന്ത്രണ്ട് സിനിമാ തീയറ്ററും മാളിനോട് അനുബന്ധിച്ചുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും മാളിന്റെ പ്രത്യേകതയാണ്.15000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം നല്‍കാനായതെന്ന് ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി വ്യക്തമാക്കി.
തലസ്ഥാനവാസികളും ലുലുമാള്‍ കാണുന്നതിന് തയ്യാറായി കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് ലുലുമാളിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha