ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്‌ക്കില്ല; ചാന്‍സലര്‍ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തില്‍ മാറ്റമില്ല; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണർ സർക്കാർ തർക്കങ്ങൾ അവസാനിക്കുന്നില്ല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്‌ക്കില്ല. തന്റെ ജോലി മന്ത്രിയ്‌ക്ക് മറുപടി പറയുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി നിയമന കാര്യത്തില്‍ രാഷ്‌ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവര്‍ണര്‍ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുളള അധികാരം സെര്‍ച്ച് കമ്മിറ്റിയ്‌ക്കാണെന്ന് പറഞ്ഞു. ചാന്‍സലര്‍ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ മന്ത്രിയ്‌ക്ക് അധികാരമില്ലെന്ന് സിപിഐയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രി രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. രാജിവിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും വിവിധ സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നത്. അതേസമയം വിഷയത്തില്‍ ഉത്തരവില്‍ ഒപ്പുവച്ച ഗവര്‍ണര്‍ക്കാണ് ഉത്തരവാദിത്വമെന്നാണ് സിപിഎം വിഷയത്തില്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha