40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ലാറ്റിനായി തുക നല്‍കി; സ്കൈവാച്ച്' എന്ന ഫ്ലാറ്റ് വാങ്ങാന്‍ നിര്‍മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൈപ്പറ്റിയത് 46 ലക്ഷം , ഫ്ലാറ്റ് കാണാന്‍ അനുവദിച്ചതുമില്ല... നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരുടെ ഫോൺ നമ്പറും ബ്ലോക്ക് ചെയ്തു: ഫ്ലാറ്റ് തട്ടിപ്പിൽ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്

വഞ്ചന കുറ്റത്തിന് പി.ടി. ഉഷയടക്കമുള്ള സംഘത്തിനെതിരെ പരാതി. നഗരമധ്യത്തിൽ ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അത്ലറ്റ് പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുന്‍ ഇന്‍റര്‍നാഷണല്‍ അത്ലറ്റും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ് പരാതി നല്‍കിയത്.
ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന മെല്ലോ ഫൗണ്ടേഷന്‍ നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കം ഏഴ് പേര്‍ക്കെതിരെയാണ് ഐ.പി.സി 420 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെന്നും പണം തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും പ്രതികളാണ്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫിസറും കണ്ണൂര്‍ സ്വദേശിയുമായ ജെമ്മ ജോസഫ് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് നല്‍കിയ പരാതി വെള്ളയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് കേസെടുത്തത്.
40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ലാറ്റിനായി തുക നല്‍കി താന്‍ വഞ്ചിതയായെന്ന് ജെമ്മ ജോസഫ് പരാതിയില്‍ പറയുന്നു. കരിക്കാംകുളത്തിനും തടമ്ബാട്ടുതാഴത്തിനും ഇടയിലുള്ള 'സ്കൈവാച്ച്' എന്ന ഫ്ലാറ്റ് വാങ്ങാന്‍ 46 ലക്ഷം രൂപയാണ് നിര്‍മാണ കമ്ബനിയുടെ മാനേജിങ് ഡയറക്ടറായ ആര്‍. മുരളീധരന്‍ വാങ്ങിയത്.
2021 മാര്‍ച്ച് എട്ടിന് രണ്ട് ലക്ഷവും മാര്‍ച്ച് 15ന് 44 ലക്ഷവും ചെക്ക് വഴി നെയ്വേലിയിലെ വീട്ടില്‍ വന്ന് മുരളീധരന്‍ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്ദാനം നല്‍കി. പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ് എന്ന പേരിലാണ് 1012 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ഫ്ലാറ്റിന് വന്‍തുക വാങ്ങിയത്.
പ്രോവിഡന്‍റ് ഫണ്ടില്‍നിന്ന് വായ്പയെടുത്താണ് തുക നല്‍കിയത്. ഫ്ലാറ്റ് കാണാന്‍ അനുവദിച്ചില്ല. നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരിയുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു.
പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്ലാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha