40,000ത്തോളം പേര് മരിച്ചതില്‍ നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്കു മാത്രം; കോവിഡ് നഷ്ടപരിഹാര വിതരണത്തിൽ കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

കോവിഡ് നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കോവിഡ് നഷ്ടപരിഹാര വിതരണത്തിന്റെ കാര്യത്തില്‍ കേരളം പരിതാപകരമായ അവസ്ഥയിലാണെന്ന് സുപ്രീം കോടതി പറഞ്ഞു. 40,000ത്തോളം പേര് മരിച്ചതില്‍ നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്കു മാത്രമാണ്. ബാക്കിയുള്ള അപേക്ഷകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുണ്ടാക്കി 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സാന്പത്തിക സഹായം ലഭിക്കാനുള്ള 10,778 അപേക്ഷകള്‍ ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 1948 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ള അപേക്ഷകളുടെ സാധുത പരിശോധിച്ചു വരുന്നേയുള്ളൂ. 548 പേര്‍ക്കു സാന്പത്തിക സഹായം നല്‍കിയെന്നും സംസ്ഥാനം വ്യക്തമാക്കി.
എന്നാല്‍, എന്ത് കൊണ്ടാണ് ഇത്രയും കുറഞ്ഞ ആളുകള്‍ക്കു മാത്രം സഹായധനം നല്‍കിയതെന്ന് ജസ്റ്റീസ് എം.ആര് ഷാ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പതിനായിരത്തില്‍ അധികം അപേക്ഷകള്‍ ലഭിച്ചിട്ട് രണ്ടായിരം കുടുംബത്തിന് പോലും നഷ്ടപരിഹാരം നല്കിയില്ലല്ലോ എന്നും കോടതി കുറ്റപ്പെടുത്തി.
അടുത്ത മാസം 17നു മുന്‍പായി ഇക്കാര്യത്തിലെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതകര്ക്കുള്ള സഹായധനം വിതരണം ചെയ്യുന്നതില്‍ ഇനിയും വീഴ്ച വരുത്തിയാല്‍ ഗുരുതര നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്കി. കഴിഞ്ഞ ദിവസം, കോവിഡ് നഷ്ടപരിഹാര വിതരണത്തില്‍ വീഴ്ചവരുത്തിയ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha