ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയിലെന്ന് സൂചന.... ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്, സംശയാസ്പദമായി കണ്ടെത്തിയ രക്തക്കറ പുരണ്ട ബൈക്കുകള്‍ പരിശോധിക്കുന്നു....

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് വിവരം. സംശയാസ്പദമായി കണ്ടെത്തിയ ബൈക്കുകള്‍ പരിശോധിക്കുകയാണ്.
അതോടൊപ്പം ഈ വധക്കേസില്‍ എസ് ഡിപിയുടെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ സലിം മുല്ലാത്തിനെ കസ്റ്റഡിയില്‍ എടുത്തവെന്നാണ് അറിയുന്നത് . ഇയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തു വരുന്നെന്ന് സൂചനകള്‍. നഗരസഭയിലെ ഏക എസ് ഡി പി ഐ പ്രതിനിധിയാണ് സലിം. പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അനേകം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍ രഞ്ജിത്ത് കൊലപ്പെടുന്നത്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
മണ്ണഞ്ചേരി പൊന്നാട് കാവച്ചിറവീട്ടില്‍ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂര്‍ കുളമാക്കിവെളിയില്‍ കുട്ടന്‍ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരെയാണ് ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇരുവരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക്വഹിച്ചവരില്‍ ഒരാളാണ് പ്രസാദ്. കൃത്യനിര്‍വഹണത്തിനായി അടുത്തുള്ള വാഹനം രതീഷിനെക്കൊണ്ട് വാടകയ്ക്കെടുപ്പിച്ചത് പ്രസാദാണെന്ന് പോലീസ് പറഞ്ഞു. ഈ വാഹനം കണിച്ചുകുളങ്ങരയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്കു പോകാനെന്നു പറഞ്ഞാണ് വാടകയ്ക്കെടുത്തത്. രണ്ടുമാസമായി പ്രസാദും രതീഷും കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കുപണം എത്തിച്ചുകൊടുത്തതും ഇവരാണ്.
അതേസമയം രഞ്ജിത്ത് ശ്രീനിവാസന് ജന്മനാട് കണ്ണീരോടെയാണ് വിട നല്‍കിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം അവസാനിച്ചത്. തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു ആദ്യ പൊതു ദര്‍ശനം. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്റെ കുടുംബ വീട്ടിലെത്തിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും രഞ്ജിത്തിനെ ഒരു നോക്ക് കാണാനെത്തി. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം സഹോദരന്‍ അഭിജിത്ത് ശ്രീനിവാസന്‍ ചിതയ്ക്ക് തീ കൊളുത്തി.ആറാട്ടുപുഴ വല്യഴീക്കലിലെ കുടുംബ വീടായ കുന്നുംപുറത്ത് വീട്ടില്‍ ജനനിബിഢമായിരുന്ന അന്തരീക്ഷത്തിലാണ് സംസ്‌ക്കാരം നടന്നത്.
അതേസമയം, ബിജെപി ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകക്ഷി സമാധാനയോഗം ഇന്നത്തേക്ക് മാറ്റി. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന്റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സര്‍വകക്ഷി യോഗം ഇന്ന് വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മാത്രവുമല്ല ഇന്നത്തേക്ക് യോഗം മാറ്റിയതോടെ യോഗത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























