നിങ്ങൾ കാണുന്നില്ലെ പ്രിയമുള്ളവരെ, നമ്മുടെ നേതാവ് ചലനമറ്റ് കിടക്കുമ്പോഴും ഒരു വലിയ വിഭാഗം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിന് നേർക്ക് അതിക്ഷേപം ചൊരിഞ്ഞ് ആമോദം പങ്ക് വെക്കുന്നത് ? നമ്മുടെ നേതാവിനെ പറ്റി അതില്പരം അഭിമാനിക്കുവാൻ നമ്മുക്ക് എന്ത് വേണം ? കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സഖാക്കൾ തെറ്റിദ്ധരിച്ചിരുന്ന പിണറായി വിജയനെ വസ്തുതകൾ പറഞ്ഞ് അധോലോക നായകനെന്ന് വിശേഷിപ്പിച്ചതൊക്കെ എങ്ങനെ അവർക്ക് മറക്കുവാൻ കഴിയും? വികാരനിർഭരനായി രാഹുൽ മാംങ്ങൂട്ടത്തിൽ

മുതിർന്ന കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസിന്‍റെ നിര്യാണത്തിൽ വേദനയോടെ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് രാഹുൽ മാംങ്ങൂട്ടത്തിൽ.അല്ലയോ പ്രിയ കോൺഗ്രസ്സുകാരെ മരിച്ചാൽ ആരെ പോലെ മരിക്കണമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അല്ലയോ പ്രിയ കോൺഗ്രസ്സുകാരെ...മരിച്ചാൽ ആരെ പോലെ മരിക്കണം ? ആ ചോദ്യത്തിന് ഇനി മുതൽ എന്റെ ഉത്തരം PT യെ പോലെ എന്നാണ്.
നിങ്ങൾ കാണുന്നില്ലെ കോൺഗ്രസ്സുകാരെ നമ്മുടെ നേതാവിന്റെ മരണം ? ആ മരണത്തിൽ പോലും നമുക്ക് അഭിമാനിക്കാനെത്ര കാരണങ്ങൾ തന്നാണ് അയാൾ പോകുന്നത്. നിങ്ങൾ കാണുന്നില്ലെ, പ്രായ/ പദവി / രാഷ്ട്രീയ / മത/ ജാതി / ലിംഗ ഭേദമന്യേ പാർട്ടിക്കാർ PT യെ വേദനയോടെ ഓർത്തെടുക്കുന്നത് ? ഓരോരുത്തരും ഓരോ അനുഭവങ്ങൾ പറഞ്ഞ് അവരുടെ സ്വകാര്യതയിലെ പ്രിയപെട്ട ഒരു ഇടമായിരുന്നു എന്ന് ഓർത്തെടുക്കുന്നത്. ഒരാൾക്ക് ഏങ്ങനെയാണ് ഇത്രയേറെ ആളുകൾക്ക് പ്രിയപെട്ടവനായി അവരെ ആഴത്തിൽ സ്പർശിച്ച ഒരുവനായി മാറുവാൻ കഴിയുന്നത് !
നിങ്ങൾ കാണുന്നില്ലെ പ്രിയമുള്ളവരെ, നമ്മുടെ നേതാവ് ചലനമറ്റ് കിടക്കുമ്പോഴും ഒരു വലിയ വിഭാഗം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിന് നേർക്ക് അതിക്ഷേപം ചൊരിഞ്ഞ് ആമോദം പങ്ക് വെക്കുന്നത് ? നമ്മുടെ നേതാവിനെ പറ്റി അതില്പരം അഭിമാനിക്കുവാൻ നമ്മുക്ക് എന്ത് വേണം ?
മരണത്തിൽ പോലും അവർക്ക് അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുവാൻ തോന്നാത്തത്ര സുതാര്യമായ, കലർപ്പില്ലാത്ത കോൺഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു PT. ഈ മരണത്തിൽ അവർക്കുള്ള ആഹ്ലാദം അവർക്കുള്ള ആശ്വാസമാണ്, ജീവിച്ചിരിക്കുമ്പോഴത്രയും അവരെ അത്ര ഭയപ്പെടുത്തിയ ഒരുവൻ മരിക്കുമ്പോഴുള്ള ആശ്വാസം....
അവരുടെയെത്ര പൊള്ളത്തരങ്ങളിലേക്കാണ് അയാൾ ചോദ്യശരമെയ്തത്. ആ ശരത്തിൽ മുറിവേറ്റവരിൽ സഖാവ് പിണറായി വിജയൻ തൊട്ട് സഖാവ് കുഞ്ഞിരാമൻ വരെയുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകനെന്ന് സഖാക്കൾ തെറ്റിദ്ധരിച്ചിരുന്ന പിണറായി വിജയനെ വസ്തുതകൾ പറഞ്ഞ് അധോലോക നായകനെന്ന് വിശേഷിപ്പിച്ചതൊക്കെ എങ്ങനെ അവർക്ക് മറക്കുവാൻ കഴിയും....
നിങ്ങൾ കാണുന്നില്ലെ പ്രിയരെ, ഒരു പുരോഹിതൻ തൊട്ട് പല സമുദായ നേതാക്കൾ അദ്ദേഹത്തെ അതിക്ഷേപിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ "സമയമാം രഥത്തിൽ " പാടി അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തിയവർക്ക് അദ്ദേഹത്തിന്റെ മരണം ആഘോഷിക്കാതിരിക്കുവാൻ കഴിയുമോ? കർത്താവിനെ കുരിശ്ശിലേറ്റുവാൻ കൂട്ടുനിന്നവരിൽ ചില പുരോഹിതന്മാരുമുണ്ടായിരുന്നു.... പ്രകൃതിയെ തുരന്ന് തിന്ന് ചിർത്ത മുതലാളിമാർ , ചില സിനിമാ നടന്മാർ അങ്ങനെ എത്ര എത്ര പേർക്ക് ഈ മരണം ഒരു ആശ്വാസമാണ്......
മരിക്കുമ്പോഴും PT നമ്മെ അഭിമാനിപ്പിക്കുന്നു പ്രിയമുള്ളവരെ.... ആ കണ്ണുകൾ ഇനിയും ഈ ലോകം കാണും മറ്റൊരാളിലൂടെ എന്ന നേത്രദാനത്തേക്കാൾ നമ്മെ അഭിമാനിപ്പിക്കുക, അദ്ദേഹത്തിന്റെ നിലപാടുകൾ പല പതിനായിരകൾക്ക് അകക്കണ്ണ് സമ്മാനിച്ച് കാഴ്ച്ച നല്കുന്നു എന്നാണ്.... മരണത്തിലും PT അതാ വ്യത്യസ്ഥനാകുന്നു, ജീവിതത്തിൽ ഒരു കാട്ടുതീയായി കത്തി നിന്ന മനുഷ്യൻ സെമിത്തേരിയിലെ കുഴിമാടത്തിൽ കിടക്കുവാനല്ല പൊതുശ്മശാനത്തിൽ കത്തിയെരിയുവാനാണ് ആഗ്രഹിക്കുന്നത്.....
അതിനു മുൻപ് അവസാന കാഴ്ച്ചയ്ക്ക് വരുന്നവർ PT യുടെ നെഞ്ചിൽ "മരിച്ച പുക്കളുടെ " റീത്ത് വെക്കണ്ടായെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു, കാരണം ആ ഹൃദയം തുടിക്കുന്നുണ്ടാകാം....."ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം" കേട്ട് ഉറങ്ങുമ്പോൾ പ്രിയ PT " ഈ മനോഹര തീരത്ത് താങ്കൾ ഒരു ജന്മം കൂടി ജനിക്കണ്ട" കാരണം അത്ര മനോഹരമായ ജീവിതമാണ് താങ്കൾ ജീവിച്ച് തീർത്തത്, ഇനിയൊരാൾക്കും, താങ്കൾക്ക് തന്നെയും ജീവിച്ചു തീർക്കാനാകാത്ത ജീവിതം.
https://www.facebook.com/Malayalivartha


























