ആറ്റിങ്ങലില്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്ത സംഭവം; പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്; പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കോടതി

ആറ്റിങ്ങലില്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടു. പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കിയ കോടതി, പരാതിക്കാരിയായ കുട്ടിക്ക് 25,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നും ഉത്തരവിട്ടു. ഒന്നര ലക്ഷം രൂപ സര്‍ക്കാറാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
സംഭവത്തില്‍ കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥക്ക് ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കണം. ക്രമസമാധാന പരിപാലനത്തില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടി നഷ്ടപരിഹാരത്തിന് അര്‍ഹയാണെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ കുട്ടിക്കും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഉദ്യോഗസ്ഥക്കെതിരെ കൂടുതല്‍ ശിക്ഷ ആവശ്യമില്ലെന്നും കുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറയാന്‍ തയാറായിരുന്നു. എന്നാല്‍, പൊലീസിന്‍റെ പ്രവൃത്തിക്ക് മാപ്പ് മതിയാകില്ലെന്നായിരുന്നു പരാതിക്കാര്‍ വ്യക്തമാക്കിയത്. പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് 27നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ അച്ഛനെയും മകളെയും പിങ്ക് പൊലീസ് നടുറോഡില്‍ അപമാനിച്ചത്. മകളുമായി ആറ്റിങ്ങല്‍ മൂന്നുമുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്. പിതാവിനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ ഉദ്യോഗസ്ഥയുടെ കാണാതായ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍നിന്ന് തന്നെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























