താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളും, പൊലീസ് ഇതെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ ബോധപൂര്‍വം അവഗണിച്ചു, കേസിൽ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കൾ, തന്റെ ഭാഗം കേട്ടില്ല, വിസ്മയ കേസിൽ പ്രതി കിരണ്‍കുമാര്‍ രണ്ടും കൽപ്പിച്ച് സുപ്രീം കോടതിയിൽ

വിസ്മയുടെ മരണം ആരും തന്നെ മറക്കാനിടയില്ല. സ്‌ത്രീധനപീഡനത്തേത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യചെയ്‌ത കേസില്‍ ഭർത്താവ് അറസ്റ്റിലായതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ പ്രതിയും ഭര്‍ത്താവുമായ എസ്. കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണ്‍ കുമാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും അപ്പീലില്‍ പറയുന്നു. പൊലീസ് ഫോട്ടോയും വീഡിയോയുമെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ ബോധപൂര്‍വം അവഗണിച്ചു. ടിക്ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് നിലവില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതിവല്ലെന്നും 150 ദിവസമായി ജയിലാണെന്നും കിരണ്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
വിസ്‌മയ ടിക്‌ടോക്, ഫെയ്‌സ്‌ബുക്ക്, വാട്ട്‌സ്‌ആപ് എന്നിവയ്‌ക്ക് അടിമയായിരുന്നു, ഫോണ്‍ വാങ്ങിവച്ചത് പരീക്ഷയ്‌ക്ക് പഠിക്കാനായിരുന്നു തുടങ്ങിയ വാദങ്ങളാണ് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തേത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രം. കിരണിനെതിരേ സ്‌ത്രീപീഡനം, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തില്‍ അറസ്റ്റിലായതോടെ കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്.
ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സി.സിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























