പി.ടിയുടെ ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിന് അരികെ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ പലപ്പോഴും അക്‌ബറിന്റെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി... അതായിരുന്നു പിടിയെന്ന നേതാവ്...

ഒരു നേതാവ് ജനങ്ങളിലും പ്രവർത്തകരിലും എത്രമേൽ ആവേശമായി പടർന്നു എന്നതിനു തെളിവായി ഓരോ മുദ്രാവാക്യങ്ങളും. ഇടുക്കിയുടെ തമിഴ്‌നാട് അതിർത്തിയായ കമ്പംമേടു മുതൽ കൊച്ചി രവിപുരം ശ്മശാനത്തിൽ ചിതയൊടുങ്ങുംവരെ പ്രവർത്തകരുടെ മുദ്രാവാക്യംവിളിയിൽ കത്തിപ്പടർന്നു പി.ടി എന്ന പോരാളി.
പി.ടി.തോമസിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിയപ്പോൾ അവസാന ചുംബനം നൽകിയ ഭാര്യയുടെയും മക്കളുടെയും ദുഃഖം മലയാളിയക്ക് വേദനയാണ് നൽകിയത്. ചില്ലു കൂട്ടിൽനിന്നും പി.ടിയെ പുറത്തെടുത്തപ്പോഴാണ് ആ നെഞ്ചിൽ തല ചേർത്തുവച്ചു പ്രിയപ്പെട്ടവന് ഉമ അവസാന ചുംബനം നൽകിയത്. പിന്നാലെ മക്കളും ബന്ധുക്കളും അദ്ദേഹത്തിനു ചുംബനം നൽകി.എന്നാൽ ഇതിലുമേറ്റർ ഉള്ളുലച്ച ഒരു കാഴ്ചയുണ്ട്..പി.ടി.തോമസ് എന്ന പ്രിയ നേതാവിനു അന്ത്യാഞ്ജലി അർപ്പിക്കുന്ന ഒരു പ്രവർത്തകന്റെ മുഖം. ഈ മുഖത്തുണ്ടായിരുന്നു പ്രിയ നേതാവിന് കേരളം നൽകിയ സ്ഥാനം.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ടി.എൽ. അക്‌ബറിന്റെ കരയുന്ന മുഖം കണ്ടവരുടെയൊക്കെ മനസ്സ് നീറി. പി.ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ രാവിലെ തൊടുപുഴയിൽ എത്തിയപ്പോഴായിരുന്നു വികാരനിർഭരമായ ആ കാഴ്ച. പി.ടിയുടെ ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിന് അരികെ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ പലപ്പോഴും അക്‌ബറിന്റെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി... അതായിരുന്നു പിടിയെന്ന നേതാവ്.
അത്രമേൽ ആത്മബന്ധമുള്ള നേതാവായിരുന്നു പി.ടി.തോമസ് എന്ന് അക്‌ബർ പറയുന്നു. കെഎസ്‌യുവിലൂടെ ആദ്യമായി രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ, രാഷ്ട്രീയ അറിവുകൾ പകർന്നു നൽകിയതും ഏറ്റവുമധികം സ്വാധീനിച്ചതും പി.ടി.തോമസായിരുന്നു. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പി.ടിക്കെതിരെ പാർട്ടിയിലുള്ളവർ വരെ രംഗത്തു വന്നപ്പോഴും പ്രിയ നേതാവിനൊപ്പം ഉറച്ചു നിന്നയാളാണ് അക്‌ബർ. അതിന്റെ പേരിൽ തനിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നതായി അക്‌ബർ ഓർക്കുന്നു.
മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെയാണു ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേരാണു കാത്തുനിന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പി.ടി.തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണു രോഗം കണ്ടെത്തിയത്.
തൊടുപുഴയിൽ നിന്നും (1991, 2001) തൃക്കാക്കരയിൽ നിന്നും (2016, 2021) രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയിൽ നിന്ന് ഒരുതവണ (2009) ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
https://www.facebook.com/Malayalivartha
























