15 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള മഞ്ഞ് കീറിമുറിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 100 ദിവസമാണ് സാധാരണ രീതിയിൽ വേണ്ടിവരുക; ഈ ദൗത്യം 72 ദിവസം കൊണ്ട് തീർക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഹരിദാസിന് ശൗരചക്രം ലഭിച്ചത്; കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിച്ച് ഡോ. തോമസ് ഐസക്ക്

കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ചു തരാൻ ശൗരചക്ര അവാർഡ് നേടിയ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ എഞ്ചിനീയറായിരുന്നു എസ്. ഹരിദാസ്. ശ്രീനഗറിലെ റോഡിൽ മഞ്ഞുകാലത്ത് ഹിമപാതത്താൽ അടിച്ചിടേണ്ടി വരും.
15 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള മഞ്ഞ് കീറിമുറിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 100 ദിവസമാണ് സാധാരണ രീതിയിൽ വേണ്ടിവരുക. ഈ ദൗത്യം 72 ദിവസം കൊണ്ട് തീർക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഹരിദാസിന് ശൗരചക്രം ലഭിച്ചത്. റിട്ടയർമെന്‍റിനു ശേഷം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയപ്പോഴാണ് ജനകീയാസൂത്രണം ആരംഭിക്കുന്നത്. പുനലൂർ മുനിസിപ്പാലിറ്റിയിലെ എംഎൽഇസി ചെയർമാനായി എസ്. ഹരിദാസ്.
ത്രാങ്ങാലി അടിയണപോലെ നദീതീര സംരക്ഷണത്തിന് പുനലൂർ മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ നൂതന പരീക്ഷണമായ പുലിമുട്ട് നിർമ്മാണത്തിന് സൂത്രതാരകത്വം വഹിച്ചത് എസ്. ഹരിദാസായിരുന്നു. ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നൂതന സമ്പ്രദായം മനസ്സിലാക്കുന്നതിന് ഉന്നതതല മാർഗ്ഗ നിർദ്ദേശക സമിതി ചെയർമാൻ വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ഒരു സംഘം പുനലൂർ സന്ദർശിക്കുക ഉണ്ടായി. അതിന്‍റെ ഒരു ചിത്രമാണ് ആദ്യം കൊടുത്തിരിക്കുന്നത്.
പുനലൂർ നഗരസഭയെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചു കൊണ്ട് 10 കീലോമീറ്റർ നീളത്തിൽ കല്ലടയാറുണ്ട്. അനിയന്ത്രിതമായ മണൽ വാരൽമൂലം ആറിന്‍റെ ആഴം കൂടുകയും ആറ്റു തീരങ്ങൾ തകരുകയും ചെയ്തു. ഇതു ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കി. ജനകീയാസൂത്രണ ഗ്രാമസഭകളിൽ തീരസംരക്ഷണമായിരുന്നു മുഖ്യവിഷയം. ആറ്റിൻതീരം കല്ലുകെട്ടി സംരക്ഷിക്കണമെന്നുള്ളതായിരുന്നു ആവശ്യം.
ഇതിന് 8 കോടി രൂപ ചെലവു വരുമെന്നായിരുന്നു മതിപ്പ് കണക്ക്. ഇത്രയും തുക മുനസിപ്പാലിറ്റിക്ക് താങ്ങാനാകില്ല. ഈ ധർമ്മസങ്കടവേളയിലാണ് എസ്. ഹരിദാസ് പുത്തൻ ആശയം മുന്നോട്ടുവച്ചത്. ആറ്റുതീരങ്ങളിൽ പുലിമുട്ടുകൾ നിർമ്മിച്ച് ഒഴുക്കിന്‍റെ ശക്തിയെ ആറിന്‍റെ മധ്യഭാഗത്തേക്ക് തിരിച്ചു വിടുകയായിരുന്നു പരിപാടി.
കിഴക്കു നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നദിയുടെ തീരങ്ങളിൽ 65-75 ഡിഗ്രി ചരിഞ്ഞ് കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് പുലിമുട്ടുകൾ നിർമ്മിക്കേണ്ടിയിരുന്നത്. 200-250 മീറ്റർ അകലത്തിലാണ് പുലിമുട്ട് നിർമ്മാണം. അടിത്തട്ടിന് 8 മീറ്റർ നീളവും 3 മുതൽ 5 മീറ്റർ വരെ വീതിയും ഉയരവും ഉണ്ടാകും. ഇതിനായുള്ള കരിങ്കല്ലുകൾ തുരുമ്പിക്കാത്ത മെറ്റൽ നെറ്റിന് കരിങ്കൽ ഭിത്തിയെ പൊതിയും. സിമന്‍റും മണലും ഉപയോഗിച്ചില്ല.
നദി കൊണ്ടുവരുന്ന എക്കലും മറ്റും കരിങ്കൽ വിടവുകളിൽ അടിഞ്ഞ് പുലിമുട്ടുകളെ ബലപ്പെടുത്തുന്നു. സ്വാഭാവികമായി പുല്ലും വളരും. പുലിമുട്ടുകൾക്കിടയിൽ ആറ്റുതീരത്ത് മുളയും ആറ്റുവഞ്ചികളും വച്ചുപിടിപ്പിക്കണം. വെള്ളപ്പൊക്കക്കാലത്ത് ഇവിടെയും ചെളി അടിഞ്ഞ് തീരം ബലപ്പെടും. പുതിയ പദ്ധതിക്ക് 60-70 ലക്ഷം രൂപയേ ചെലവു വരൂ. വിദഗ്ദർ തീരപര്യടനം നടത്തി പുലിമുട്ടുകൾ നിർമ്മിക്കേണ്ട സ്ഥലങ്ങൾ മാർക്കു ചെയ്യുന്നു. തീരവാസികളെ വിളിച്ചു ചേർത്ത് പുലിമുട്ടുകൾ നിർമ്മിക്കുന്നതിനെ സംബന്ധിച്ച് വിശദീകരിച്ചു.
ഗുണഭോക്തൃ കമ്മിറ്റിയും മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ആഴ്ചതോറും ഇവയുടെ യോഗം നടന്നു. പുലിമുട്ട് ഒന്നിന് 70,000/- രൂപ ചെലവു വരും. എന്നാൽ 40000 - 56000 രൂപയേ പ്ലാൻ ഫണ്ടിന് ചെലവാക്കിയുള്ളൂ. ബാക്കി സംഭാവനയും സന്നദ്ധസേവയുമായിരുന്നു. ഈറ്റ, മുള സംഘടിപ്പിച്ചത് സന്നദ്ധ സേവന അടിസ്ഥാനത്തിലായിരുന്നു.
ഞങ്ങളുടെ സന്ദർശനത്തിലെ നിഗമനം അനിയന്ത്രിതമായ മണലൂറ്റ് അവസാനിപ്പിച്ചാൽ പുതിയ പദ്ധതി വഴി തീരം സംരക്ഷിക്കാൻ ആവുമെന്നായിരുന്നു. പുലിമുട്ടുകൾ കണ്ടശേഷം വി.എസ് അച്യുതാനന്ദൻ ചെങ്കുളം - വട്ടപ്പട ലിങ്ക് റോഡ് സന്ദർശിച്ചു. 18 ലക്ഷം രൂപ വില വരുന്ന മൂന്നേക്കർ സ്ഥലവും 1 ലക്ഷം രൂപയും ജനങ്ങൾ ഇവിടെ സംഭാവന ചെയ്തു. സന്നദ്ധ സേവനം വഴി 3.5 ലക്ഷം രൂപയുടെ തൊഴിലും സംഭാവന ചെയ്തു.
മുനിസിപ്പാലിറ്റിയുടെ ഭവന നിർമ്മാണ പദ്ധതിയും വി.എസ്. നേരിൽ കണ്ടു. പുനലൂർ ജി.എച്ച്.എസ്.എസ് ലബോറട്ടറി കെട്ടിടം പണിയുന്നതിന് 2 ലക്ഷം രൂപയാണ് നഗരസഭ നൽകിയത്. 2.83 ലക്ഷം രൂപ പി.ടി.എ. സമാഹരിച്ചു. പണി തീർന്ന പുതിയ ഹാളിലായിരുന്നു വി.എസിന് സ്വീകരണം നൽകിയത്. പുനലൂർ ആശുപത്രി സന്ദർശിച്ചപ്പോഴാണ് ഹരിദാസിനെ കണ്ടത്. ഫോൺ ചെയ്യേണ്ട താമസം അദ്ദേഹം ആശുപത്രിയിൽ എത്തി. ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ. കർമ്മനിരതൻ.
https://www.facebook.com/Malayalivartha