മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു വീണ് ചത്തു... മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല

മലപ്പുറം കുറ്റിപ്പുറത്ത് മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു വീണു ചത്തു. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം. ഒരു സ്ത്രീ ഇയാളില്‍ നിന്ന് മീന്‍ വാങ്ങി 2 പൂച്ചകള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. മീന്‍ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു.
നാട്ടുകാര്‍ തന്നെയാണ് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മീന്‍ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിച്ചത്. മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ.ദീപ്തി അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























