ഇപ്പോഴേ ശ്രദ്ധിക്കണം... പുനെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ മരണം പാലക്കാട് സ്വദേശിയുടേത്; ഡിസംബര്‍ 12ന് നൈജീരിയയില്‍ നിന്നുവന്ന ചിഞ്ച്‌വാഡില്‍ താമസിക്കുന്ന 52കാരനാണ് മരണമടഞ്ഞത്; ശ്രദ്ധിച്ചില്ലെങ്കില്‍ സംസ്ഥാനത്തും സാമൂഹിക വ്യാപനം

അവസാനം അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുകയാണ്. പുണെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണത്തില്‍ എല്ലാവരും ഞെട്ടിയതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഞെട്ടിപ്പിക്കുകയാണ്. കാരണം ആ മരണം മലയാളിയുടേതാണ്. പാലക്കാട് കോങ്ങാട് സ്വദേശിയുടേത് ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ മരണം.
ഡിസംബര്‍ 12ന് നൈജീരിയയില്‍ നിന്നുവന്ന ചിഞ്ച്‌വാഡില്‍ താമസിക്കുന്ന 52കാരനാണ് 28ന് പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരുന്നു. നൈജീരിയയില്‍ നിന്നുവന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു വരികയായിരുന്നു.
17ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതെന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മണ്‍ ഗോഫാനെ പറഞ്ഞു.
കഴിഞ്ഞ 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നെന്നും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അധികൃതരുടെ നിര്‍ദേശ പ്രകാരം അന്നുതന്നെ പിംപ്രി ഭാട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30ന് വന്നിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒറ്റയടിക്ക് 44 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 52 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 41 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കുക.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കൃത്യമായി പാലിക്കണം. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ പാടില്ല. സാമൂഹിക ഇടപെടല്‍ ഒഴിവാക്കണം. രോഗവ്യാപനം അറിയാന്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു വരുന്നു. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള ജനിതക പരിശോധന രണ്ട് ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒമിക്രോണ്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സെന്റിനല്‍ സര്‍വയലന്‍സ് നടത്തി വരുന്നു. അങ്ങനെ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കോവിഡ് നെഗറ്റിവായിരുന്നു.
തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവള്‍ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും വാക്‌സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. തിങ്കള്‍ മുതല്‍ വാക്‌സിനേഷന് കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വാക്‌സിനുള്ള പങ്ക് വലുതായതിനാല്‍ എല്ലാവരും എത്രയും വേഗം വാക്‌സിനെടുക്കേണ്ടതാണ്.
15 മുതല്‍ 18 വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ കൂടിയായിരിക്കും. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴി പൂര്‍ത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha























