മകളുടെ പള്ളിയിലെ കൂട്ടുകാരന്‍ ക്രിസ്മസിന് വീട്ടിൽ വരുമെന്ന് പ്രതീക്ഷിച്ചു, ഉറക്കമിളച്ച് തിരുപിറവി ദിനം ആയുധവുമായി കാവലിരുന്നു, അനീഷ് വരാത്തതോടെ കാത്തിരിപ്പ് തൊട്ടടുത്ത ദിവസവും തുടർന്നു, സൈമണിന്റെ ആ കാത്തിരിപ്പ് വെറുതെയായില്ല, മകളെ പ്രണയിച്ച പകമുഴുൻ അനീഷിൽ തീർത്തു, ഭാര്യയും മകളും കെഞ്ചി പറഞ്ഞിട്ടും വകവയ്ക്കാതെ സൈമൺ യുവാവിന്റെ നെഞ്ചിലും മുതുകിലും കത്തി കുത്തിയിറക്കി, കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ഒളിപ്പിച്ചു, പേട്ടയിലേത് സൈമണ്‍ ലാലന്റെ ആസൂത്രിത കൊല

തിരുവനന്തപുരം പേട്ടയില്‍ 19 കാരനായ അനീഷ് ജോര്‍ജിനെ പ്രതി സൈമൺലാലൻ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കുത്തേറ്റത് അബദ്ധത്തിലല്ലെന്നും മുന്‍വൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. മകളുമായുള്ള പ്രണയവും വീട്ടില്‍ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു.
ക്രിസ്മസിന് തലേന്ന് രാത്രി അനീഷ് മകളെ കാണാന്‍ വരുമെന്നു കരുതി സൈമണ്‍ ഉറക്കമിളച്ചു കാവലിരുന്നു. ആയുധവും കരുതിയിരുന്നു. എന്നാല്‍ അനീഷ് അന്ന് വന്നില്ല. പക്ഷേ ആ കാത്തിരിപ്പ് തൊട്ടടുത്ത ദിവസവും തുടർന്ന് അന്ന് അനീഷിനെ കൈയ്യോടെ പിടിയിലാകുകയും മനസിൽ കൊണ്ടുനടന്ന പക മൂലം കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഈ കേസില്‍ സൈമണിന്റെ ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും. ഇവരാണ് കേസിലെ ദൃക്‌സാക്ഷികള്‍. ഇവര്‍ നല്‍കുന്ന മൊഴി കേസില്‍ അതിനിര്‍ണ്ണായകമാകും. അതിനിടെ അനീഷും തന്റെ മകളും തമ്മിലുള്ള സൗഹൃദമാണ് വിരോധത്തിനു കാരണമെന്നു പ്രതി സൈമണ്‍ ലാലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങള്‍ നീണ്ട ആലോചനയ്‌ക്കൊടുവിലാണെന്നുമാണു പൊലീസ് നിഗമനം.
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണില്‍നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതര്‍ക്കം നടന്നിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാല്‍ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം, അനീഷിനെ തടഞ്ഞുവച്ചു സൈമണ്‍ നെഞ്ചിലും മുതുകിലും കുത്തിയെന്നും ഭാര്യയും മകളും എതിര്‍ത്തിട്ടും പിന്മാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടര്‍ന്ന് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ കത്തി ഒളിപ്പിച്ച ശേഷം സൈമണ്‍ അടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലേക്കു പോയി. പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അനീഷ് മരിച്ചിരുന്നു.
സംഭവത്തില്‍ ഭാര്യയും മകളും സൈമണിനെതിരായാണു മൊഴി നല്‍കിയത്. അറിഞ്ഞു കൊണ്ടാണ് കുത്തിമലര്‍ത്തിയതെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. വിശദ ചോദ്യം ചെയ്യല്‍ ഇനി നടക്കും.നിലവില്‍ റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സിഐ. റിയാസ് രാജ പറഞ്ഞു.
അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പൊലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്. പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്.
പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു. 3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പൊലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു.
പൊലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്. സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























