ചങ്ക് കലങ്ങുമ്പോള്‍... നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍; പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി വകവരുത്താന്‍ സാധ്യത; വിഐപിയെ ചുറ്റിപ്പറ്റി അഭ്യൂഹം തീരുന്നില്ല

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വല്ലാത്ത ട്വിസ്റ്റാണ് വരുത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ വിധി വരാനിരിക്കുമ്പോഴുള്ള ഈ ട്വിസ്റ്റ് മറ്റൊരു കേസിലേക്ക് വഴിമാറുകയാണ്.
അതിനിടെ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എറണാകുളം മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ ഇന്നലെ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30നു തുടങ്ങിയ മൊഴിയെടുപ്പ് 7.30നാണ് അവസാനിച്ചത്. സാക്ഷി വിസ്താരം പൂര്‍ത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.
കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹര്‍ജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകള്‍ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോടതി വരാന്തയില്‍ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസല്‍ കണ്ടെത്താന്‍ അന്വേഷണസംഘം പ്രതി കഴിയുന്ന ജയില്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷവും ആരോപണങ്ങളിലെ വിഐപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹം തുടരുന്നു. ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോള്‍ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകന്‍ ശരത് അങ്കിള്‍ വന്നുവെന്നു വിളിച്ചു പറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാല്‍ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വിഐപിയുടെ പേര് ബാലചന്ദ്രകുമാര്‍ പുറത്തു പറയാന്‍ മടിക്കുന്നതാണെന്നും പൊലീസ് കരുതുന്നു
നടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ മേഖലയില്‍നിന്നു കൂടുതല്‍ സാക്ഷികളുണ്ടാകുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ പരിചയപ്പെട്ടതു മുതലുള്ള വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. പ്രതിഭാഗത്തു നിന്നുള്ള ഭീഷണി ഇപ്പോഴുമുണ്ടെന്നും പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒരു സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണു വിവരമെന്നു ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു.
കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു. ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ ഇതിന് മാറ്റം വന്നു.
"
https://www.facebook.com/Malayalivartha























