എല്ലാം എല്ലാം അയ്യപ്പന്‍... മകരവിളച്ച് ദര്‍ശനം തൊഴാന്‍ ലക്ഷക്കണക്കിന് ഭക്തര്‍; ഇത്തവണ ഒരു യുവതി പോലും ശബരിമലയില്‍ കയറാന്‍ വരാത്തത് ഏറെ ആശ്വാസം; കോവിഡിന്റെ ആശങ്കകള്‍ക്കിടയിലും വിജയകരമായി ശബരിമല സീസണ്‍ പൂര്‍ത്തിയാക്കുന്നു

കാറ്റും കോളും നിറഞ്ഞ ശബരിമല സീസണെല്ലാം പഴങ്കഥ. യുവതികളെ ആര്‍ക്കും ശബരിമലയില്‍ കയറ്റേണ്ട എന്നായതോടെ സമാധാനപരമായ ശബരിമല സീസനാണ് വേദിയായത്. മകര വിളക്കോടെ ശബരിമല നടയടയ്ക്കുമ്പോള്‍ ഭക്തര്‍ക്കും നല്ലതുമാത്രമേ ഓര്‍മ്മിക്കാനുള്ളൂ. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 128.84 കോടി രൂപ ബുധനാഴ്ച വരെ നടവരവായി ലഭിച്ചു.
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. നിരവധി തീര്‍ത്ഥാടകരാണ് ദര്‍ശനംകാത്ത് ശബരിമലയില്‍ തങ്ങുന്നത്. ധനുരാശിയില്‍ നിന്ന് സൂര്യന്‍ മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമപൂജ. അതിനാല്‍ ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല. മകരസംക്രമ പൂജയ്ക്ക് ശേഷമേ അടയ്ക്കൂ.
സംക്രമവേളയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കന്നിഅയ്യപ്പന്‍ എത്തിച്ച നെയ്‌ത്തേങ്ങകള്‍ ശ്രീകോവിലില്‍ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
അഭിഷേകം ചെയ്ത നെയ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. സ്വീകരിക്കാന്‍ സന്നിധാനത്ത് നിന്ന് പുറപ്പെടുന്ന ദേവസ്വം അധികൃതര്‍ ഉള്‍പ്പടെയുള്ള സംഘത്തെ ശ്രീകോവിലില്‍ പൂജിച്ച മാലയും ഭസ്മവും അണിയിച്ച് ശരംകുത്തിയിലേക്ക് യാത്രയാക്കും.
ദേവസ്വം അധികൃതര്‍ പേടകങ്ങളില്‍ പൂമാല ചാര്‍ത്തി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി. എം. തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് എന്നിവര്‍ ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവില്‍ അടയ്ക്കും. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ അണിയിച്ച് നട തുറന്ന് ദീപാരാധന നടത്തുന്നതിന് തൊട്ടു പിന്നാലെ കിഴക്ക് പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി തെളിയും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. മകരജ്യോതി
ശബരിമലയില്‍ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാനമണ്ഡപം, ശബരീപീഠത്തിന് സമീപം, വനമേഖല, ഇന്‍സിനറേറ്റര്‍, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങള്‍ക്ക് പുറമെ നീലിമല, അപ്പാച്ചിമേട്, പമ്പഹില്‍ടോപ്പ്, അട്ടത്തോട്, ഇലവുങ്കല്‍, പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, പാഞ്ചാലിമേട് എന്നിവിടങ്ങളാണ് മകരജ്യോതി കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസന പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഇന്ന് രാവിലെ 8 ന് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമോദ് നാരായണ്‍ എം. എല്‍. എ അദ്ധ്യക്ഷതവഹിക്കും.. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. റവന്യൂ (ദേവസ്വം) പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ പ്രശസ്തിപത്രം വായിക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍, ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് പി. ആര്‍. രാമന്‍, ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ആലപ്പി രംഗനാഥും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയ്ക്ക് ശേഷം വീരമണി രാജുവും സംഘവും ഗാനസുധ അവതരിപ്പിക്കും.
"
https://www.facebook.com/Malayalivartha























