ശ്രീപത്മനാഭസ്വാമി ക്ഷേത്രസുരക്ഷ; വൈബ്രേഷന്‍ സെന്‍സറുകള്‍ വയ്ക്കാനാകുന്നില്ല!

ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ അമൂല്യസമ്പത്ത് മോഷ്ടിക്കാന്‍ ഭൂമിക്കടിയിലൂടെ തുരന്നു നിലവറയ്ക്കുള്ളില്‍ കയറുന്നവരെ തടയാന്‍ കെല്‍ട്രോണ്‍ വഴിതേടുന്നു. പകലായാലും രാത്രിയായാലും ഭൂമിക്കു മുകളില്‍ കക്കാനിറങ്ങുന്നവനെ കണ്ടെത്താന്‍ ക്യാമറ, മെറ്റല്‍ ഡിറ്റെക്ടര്‍, കമാന്‍ഡോ പട്രോളിങ് തുടങ്ങി സകല സംവിധാനങ്ങളും ക്ഷേത്രവളപ്പിലുണ്ട്. പക്ഷേ, ഏതെങ്കിലും കള്ളന്‍ ഭൂമിക്കടിയിലൂടെ തുരന്നു നിലവറയ്ക്കുള്ളില്‍ കയറിയാല്‍ ആരും അറിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
തുരപ്പന്‍മാരെ കണ്ടെത്തുന്നതിനു പൊതുവെ ഉപയോഗിക്കുന്ന വൈബ്രേഷന്‍ സെന്‍സറുകള്‍ ക്ഷേത്രപരിസരത്തു സ്ഥാപിക്കാന്‍ കഴിയാത്തതാണ് കെല്‍ട്രോണിനെ വലയ്ക്കുന്നത്. ക്ഷേത്രമതിലിനു പുറത്തെ റോഡില്‍ എപ്പോഴും വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ ഭൗമോപരിതലത്തില്‍ നേരിയ കുലുക്കം എപ്പോഴുമുണ്ടാകും. തന്മൂലം വൈബ്രേഷന്‍ സെന്‍സറുകള്‍ സ്ഥാപിച്ചാല്‍ ഇടതടവില്ലാതെ അലാം മുഴങ്ങുന്നതിനു കാരണമാകുമെന്ന് സാങ്കേതിക വിദഗ്ധര്‍ കെല്‍ട്രോണിനു മുന്നറിയിപ്പു നല്‍കി. ഇതോടെയാണ് വൈബ്രേഷന്‍ സെന്‍സര്‍ ഘടിപ്പിക്കാനുള്ള നീക്കം പൂര്‍ണമായി ഉപേക്ഷിച്ചത്. ഇനി പുതിയ സാങ്കേതികവിദ്യ കണ്ടെത്തുക എന്ന മാര്‍ഗം മാത്രമേ കെല്‍ട്രോണിനു മുന്നിലുള്ളൂ. വൈബ്രേഷന്‍ സെന്‍സറുകള്‍ക്കു പകരം വിജയകരമായി നടപ്പാക്കിയ ഏതെങ്കിലും ബദല്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഇതുവരെ കെല്‍ട്രോണിനു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇനി നാലാംഘട്ട സുരക്ഷാപദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങളെ നിരീക്ഷിക്കാന്‍ വരെ ആലോചനയുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എല്ലാ കവാടങ്ങളും ഇനി ഒറ്റ വിരലമര്‍ത്തലില്‍ അടയും. കിഴക്കും തെക്കും പടിഞ്ഞാറും വടക്കുമുള്ള നടകള്‍ക്കു പുറമെ തിരുവമ്പാടി, ശ്രീപാദം, ചെമ്പരത്തിമൂട് എന്നിവിടങ്ങളിലെ വഴികളും ഒറ്റയടിക്ക് അടയ്ക്കാന്‍ കഴിയുന്ന സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ഷേത്രസുരക്ഷയുടെ ഭാഗമായാണു പുതിയ സംവിധാനം ഗോദ്‌റെജ് സ്ഥാപിക്കുന്നത്. ഇതിനായി ഏഴു കൂറ്റന്‍ ഇരുമ്പുവാതിലുകള്‍ എത്തിച്ചിട്ടുണ്ട്. ഇവ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്നുകൊണ്ട് ഒറ്റയടിക്ക് വാതിലുകള്‍ അടയ്ക്കാം. സുരക്ഷാ അലാം മുഴങ്ങുകയോ കവര്‍ച്ചയോ മറ്റോ നടക്കുന്നതായി മുന്നറിയിപ്പു കിട്ടുകയോ ചെയ്താല്‍ വാതില്‍ അടച്ചു പൊലീസിനു പരിശോധന നടത്താം. നിലവില്‍ വയര്‍ലെസിലൂടെ സന്ദേശം നല്‍കിയാണ് കവാടങ്ങള്‍ ഓരോന്നായി അടയ്ക്കുന്നത്.
ക്ഷേത്രസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നാലു ഘട്ടങ്ങളിലായാണു വിവിധ പദ്ധതികള്‍ പൊലീസ്‌വകുപ്പ് നടപ്പാക്കുന്നത്.ആദ്യ രണ്ടുഘട്ടങ്ങളിലായി 59 നിരീക്ഷണ ക്യാമറകള്‍, ബുള്ളറ്റ് പ്രൂഫ് സെന്‍ട്രിബ്യൂട്ടുകളില്‍ നിന്നുള്ള അസംഖ്യം തോക്കുകള്‍, ബൊള്ളാര്‍ഡുകളും റോഡ് ബ്ലോക്കറുകളും ഹൈടെക് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയവ സ്ഥാപിച്ചു കഴിഞ്ഞു. മൂന്നാംഘട്ടത്തിലാണ് ഭൂമി തുരന്നു നിലവറയിലെത്തുന്നതു തടയാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
ക്ഷേത്രത്തിനു ചുറ്റും കിടങ്ങെടുത്ത് വൈബ്രേഷന്‍ സെന്‍സറുകള്‍ സ്ഥാപിക്കുന്നതാണു തുരക്കല്‍ പ്രതിരോധ പദ്ധതി. വിമാനത്തവാളങ്ങളിലും അതിസുരക്ഷാ ജയിലുകളിലും ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഭൂമിക്കു നേരിയ വിറയല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഇതു സെന്‍സര്‍ കണ്ടെത്തുകയും അലാം മുഴങ്ങുകയും ചെയ്യും. അലാം കേട്ടുണര്‍ന്നു പൊലീസിനു രംഗത്തിറങ്ങി പരിശോധന നടത്താം. എന്നാല്‍ ഭൂമി കുഴിക്കാന്‍ സമ്മതിക്കില്ലെന്ന് ക്ഷേത്രഭരണ സമിതി നിലപാടെടുത്തതോടെ സെന്‍സര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നു കെല്‍ട്രോണ്‍ പിന്‍വാങ്ങി. അവിടവിടായി ചെറിയ കുഴികളെടുത്ത് സെന്‍സര്‍ സ്ഥാപിക്കാനായി അടുത്ത ആലോചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























