ഏഴാം ശമ്പള കമ്മിഷന്‍; കുറഞ്ഞ അടിസ്ഥാനശമ്പളം 15,000 രൂപ ആയേക്കും

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 15,000 രൂപയായി നിജപ്പെടുത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തേക്കും. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളമായി മുന്‍ ശമ്പളകമ്മിഷന്‍ നിശ്ചയിച്ചിരുന്നത് 7,000 രൂപയാണ്.
വന്‍തോതിലുള്ള വേതന വര്‍ധന ശുപാര്‍ശ ചെയ്യാത്ത റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക എന്നാണ് സൂചന. കമ്മിഷന്റെ കാലാവധി ഡിസംബര്‍ അവസാനംവരെ നീട്ടിയിട്ടുണ്ടെങ്കിലും നവംബറിനുമുമ്പ് ശുപാര്‍ശകള്‍ ഉണ്ടായേക്കും. റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അവസാനഘട്ടത്തിലാണ്.
15 മുതല്‍ 20 ശതമാനംവരെ ശമ്പളവര്‍ധനയാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുക. ആറാം ശമ്പളകമ്മിഷന്‍ ശുപാര്‍ശയില്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ച പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് സാധ്യത കുറവാണ്. താരതമ്യേന മെച്ചമുണ്ടാകുന്നത് താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്കാണ്.
ജീവനക്കാരുടെ പരമാവധി സര്‍വീസ് 33 കൊല്ലമായി നിജപ്പെടുത്താനുള്ള ശുപാര്‍ശയും കമ്മിഷന്‍ മുന്നോട്ടുവെക്കുമെന്നാണ് അറിയുന്നത്. ഒന്നുകില്‍ 60 വയസ്സ് അല്ലെങ്കില്‍ 33 വര്‍ഷത്തെ സേവനം എന്നതാണ് തത്ത്വം. അതനുസരിച്ച് 22-ാം വയസ്സില്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഒരാള്‍ 55 വയസ്സില്‍ വിരമിക്കണം. ഈ ശുപാര്‍ശ ഉണ്ടായാല്‍ നിലവില്‍ 33 വര്‍ഷം പൂര്‍ത്തിയാക്കിയ, 60നു താഴെ പ്രായമുള്ളവരുടെ കാര്യത്തില്‍ അത് എങ്ങനെ നടപ്പാക്കുമെന്നത് നിര്‍ണായകമായിരിക്കും. 33 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും ഉടന്‍ പരിയണമെന്നാണെങ്കില്‍ പതിനായിരക്കണക്കിന് ജീവനക്കാര്‍ ഒറ്റയടിക്ക് വിരമിക്കേണ്ടിവരും. ഒരു അടിസ്ഥാനവര്‍ഷം നിശ്ചയിച്ചാണ് 33 വര്‍ഷത്തെ സേവനം കണക്കാക്കുന്നതെങ്കില്‍ പിരിഞ്ഞുപോകല്‍ ഘട്ടംഘട്ടമായായിരിക്കും.
\'ഗ്രേഡ് പേ\' എന്ന രീതി കൊണ്ടുവന്നതും വീട്ടുവാടക അലവന്‍സ് ഗണ്യമായി വര്‍ധിപ്പിച്ചതും ആറാം ശമ്പളക്കമ്മിഷനാണ്. ചുരുങ്ങിയ അടിസ്ഥാന ശമ്പളം 7,000 രൂപ (5,200 രൂപ അടിസ്ഥാന ശമ്പളവും 1,800 രൂപ ഗ്രേഡ് പേയും ചേര്‍ത്ത്) ആക്കുന്നതിനുമുമ്പ് 3,050 ആയിരുന്നു കുറഞ്ഞശമ്പളം. 7,000 രൂപയുടെ അടിസ്ഥാനശമ്പള സ്‌കെയിലില്‍ ജോലിയില്‍ പ്രവേശിക്കുന്ന ക്ലാസ് നാല് വിഭാഗത്തില്‍പ്പെടുന്ന കേന്ദ്ര ജീവനക്കാരന് ഡി.എ, വീട്ടുവാടക, ടി.എ. എന്നിവയെല്ലാം ചേര്‍ത്ത് വന്‍ നഗരത്തിലാണെങ്കില്‍ 18,500 രൂപയാണ് മൊത്തം ശമ്പളം ലഭിക്കുക. എല്‍.ഡി.സി. തസ്തകയിലുള്ളവരുടെ അടിസ്ഥാന ശമ്പളം നിലവില്‍ 7,730 രൂപയാണ്.
ഗ്രേഡ് പേ സമ്പ്രദായം മാറ്റി പകരം പഴയരീതിയിലുള്ള ശമ്പള സ്‌കെയില്‍ വീണ്ടും നടപ്പാക്കണമെന്ന അഭിപ്രായം കമ്മിഷനുമുന്നില്‍ പലരും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മിഷന്‍ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























