ബാങ്ക് കവര്‍ച്ചയ്ക്കിടെ മുഖംമൂടി അഴിഞ്ഞുവീണ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നു

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും ഉള്‍പ്പെടെ കൊള്ളയടിച്ച കേസില്‍ രക്ഷപ്പെട്ട പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുന്നു. കൊള്ളയടിച്ചതിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ സംഘത്തില്‍പ്പെട്ട ഒരാളുടെ മുഖംമൂടി അഴിഞ്ഞുവീണിരുന്നു. ഇയാളെ തൊട്ടടുത്ത വര്‍ക്ക് ഷോപ്പില്‍ ജോലി നോക്കുന്ന ഒരാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കാനാണ് പൊലീസ് നടപടി എടുക്കുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് കുമ്പള, ഉമ്പള എന്നിവിടങ്ങളില്‍ പൊലീസ് ഇന്നലെയും വാഹന പരിശോധന നടത്തി. ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ജില്ലാ പൊലീസ് ചീഫ് ഡോ. എസ്. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ബാങ്ക് സ്ഥിതിചെയ്യുന്ന ഏരിയാലിന് തൊട്ടടുത്ത നീര്‍ച്ചാലില്‍ നിന്ന് രണ്ട് യുവാക്കള്‍ അപ്രത്യക്ഷരായതും പൊലീസ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയില്‍ അന്വേഷണത്തിന് സഹായകരമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം രേഖാചിത്രം തയ്യാറാക്കുന്നതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാടിനെ നടുക്കിയ കൊള്ള അരങ്ങേറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്. മൊത്തം അഞ്ചരകോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ബാങ്കിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ വൈകിട്ട് നാല് വരെ അടച്ചിടുമെന്ന് മനസിലാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ചക്ക് സമയം നിശ്ചയിച്ചതെന്നും ഇവര്‍ക്ക് ബാങ്കുമായി നല്ല ബന്ധമുണ്ടായിരിക്കണമെന്നും പൊലീസ് കരുതുന്നു. ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനോ സി.സി ടി.വി സംവിധാനമോ ഇല്ലെന്നതും കവര്‍ച്ചാസംഘത്തിന് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് ബൈക്കുകളിലായാണ് അഞ്ചംഗ സംഘം കവര്‍ച്ചയ്‌ക്കെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























