ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ്, പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ആവശ്യം സുധീരന്‍ തള്ളി

പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. കഴിഞ്ഞ ദിവസം തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു കോണ്‍ഗ്രസിലെ പുനഃസംഘടനാ പ്രക്രിയ നിര്‍ത്തിവയ്ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സെുധീരനെ നേരില്‍കണ്ട് ആവശ്യപ്പെട്ടെങ്കിലും സുധീരന്‍ വഴങ്ങിയില്ല. പുനഃസംഘടന പൂര്‍ത്തിയാകുന്നതിന്റെ വക്കിലെത്തിയിരിക്കുകയാണെന്നും ഇനി തീര്‍ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തു.
ഇതിനു മുമ്പ് തന്നെ സുധീരന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. ഗ്രൂപ്പുകളി തുടര്‍ന്നാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിന്റെ ഗതി വരുമെന്നും സുധീരന്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച നടന്ന ഭാരവാഹി യോഗത്തില്‍ ഭൂരിപക്ഷം ഡിസിസി പ്രസിഡന്റുമാരും പുനഃസംഘടന നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സുധീരന്‍ അതു തള്ളിയിരുന്നു. എത്രയും പെട്ടെന്നു പട്ടിക തരണമെന്നു ഡിസിസി പ്രസിഡന്റുമാരോട് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന നിര്‍വാഹകസമിതിയിലും പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന അഭിപ്രായമാണുണ്ടായത്.
പഞ്ചായത്തു തിരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രമേയുള്ളൂ എന്നതു കണക്കിലെടുത്തു ഡിസിസി തലം തൊട്ടുള്ളതു മാറ്റിവയ്ക്കണമെന്നാണു പ്രബലമായ എ, ഐ ഗ്രൂപ്പുകള്‍ക്കു നേതൃത്വം കൊടുക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെ അറിയിച്ചത്. ഇനിയുള്ള ദിവസങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി മാത്രം മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഇരു നേതാക്കളും പറഞ്ഞു. ആവേശത്തോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പുനഃസംഘടന സഹായിക്കുമെന്ന അഭിപ്രായമാണു സുധീരന്‍ പങ്കുവച്ചത്.
എല്ലാ ജില്ലകളിലും പുതിയ ടീം വരുന്നതു കോണ്‍ഗ്രസിന് ഉണര്‍വു നല്‍കും. തിങ്കളാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ അരുവിക്കരയില്‍ കെ.എസ്. ശബരീനാഥനെ നിര്‍ദേശിച്ചതു താനാണെന്നും ഗ്രൂപ്പ് മാനേജര്‍മാര്‍ എതിര്‍ത്തു എന്നും സുധീരന്‍ പറഞ്ഞതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.നമ്മള്‍ മൂന്നുപേരും കൂടിയല്ലേ അക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നു ചെന്നിത്തല ചോദിച്ചു. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിവച്ചു സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ട ആവശ്യകതയെക്കുറിച്ചു താന്‍ ചൂണ്ടിക്കാട്ടിയതാണെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഗ്രൂപ്പ് അതിപ്രസരമാണു പാര്‍ട്ടിയിലെന്നും അത് അനുവദിക്കില്ലെന്നും തുറന്നടിച്ചു. ഗ്രൂപ്പ് മാനേജര്‍മാരാണ് എല്ലാം കുളമാക്കുന്നതെന്ന വികാരവും പങ്കുവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























