'ഹൈക്കോടതി ഇടപെടൽ ഫലംകണ്ടു'; അട്ടപാടി മധുകൊലക്കേസിലെ വിചാരണ നടപടികള്‍ ഈ മാസം 18 ന് പരിഗണിക്കും; പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും കൈമാറി

ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് അട്ടപാടി മധുകൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തേ പരിഗണിക്കാന്‍ തീരുമാനമായി. കേസ് ഈ മാസം 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാര്‍ച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാത്തതിനാല്‍ വിചാരണ നീണ്ടുപോകുകയാണെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും പ്രതികള്‍ക്ക് കൈമാറി.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ മര്‍ദ്ദിച്ചെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ മൂന്നാം പ്രതി ഷംഷുദ്ദീന്‍ സി ഐ ടി യു നേതാവാണ്. ടാക്സി ഡ്രൈവര്‍ കൂടിയായ ഷംഷുദ്ദീന്റെ വടി കൊണ്ടുള്ള അടിയില്‍ മധുവിന്റെ വാരിയെല്ല് പൊട്ടിയെന്നും, മുനീര്‍ കാല്‍മുട്ട് കൊണ്ട് നടുവിന് ഇടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് മധുവിന്റെ തല അടുത്തിള്ള ക്ഷേത്രത്തിന്റെ ഭണ്ഡാരചുമരിലിടിച്ച് പരിക്കേറ്റതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ മര്‍ദ്ദനത്തെതുടര്‍ന്ന് ഉണ്ടായ പതിനഞ്ചിലേറെ പരിക്കുകളാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















