ഡോഗ് സ്ക്വാഡിന് കരുത്തേകാൻ ഇരുപത്തിമൂന്ന് പുതിയ നായകൾ, ഒമ്പത് മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കി പരേഡ് ഗ്രൗണ്ടിൽ അണിനിരന്ന് ചുണക്കുട്ടന്മാർ, മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ച ശ്വാനന്മാർക്ക് മെഡലുകൾ സമ്മാനിച്ച് ഡി.ജി.പി

ഇരുപത്തിമൂന്ന് പുതിയ നായകൾ കൂടെ കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ എത്തുന്നു. തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു.
ബെൽജിയം മാലിനോയ്സ് , ജർമ്മൻ ഷെപേഡ്, ഗോൾഡൻ റിട്രീവർ ,ഡോബർമാൻ ,ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കി പരേഡ് ഗ്രൗണ്ടിൽ അണിനിരന്നത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ.
നായ്ക്കളുടെ 46 ഹാൻഡ്ലർമാരും സേനയുടെ ഭാഗമാകും. പാസിങ് ഔട്ട് പരേഡിൽ DGP അനിൽകാന്ത് അഭിവാദ്യം സ്വീകരിച്ചു മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ച ശ്വാനന്മാർക്ക് ഡി.ജി.പി മെഡലുകളും സമ്മാനിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്.
5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനമാണ് ഒരു നായക്ക് നൽകിയത്.
https://www.facebook.com/Malayalivartha

























