ക്ലൈമാക്‌സ് തമിഴ്‌നാട്ടില്‍... അമ്പലംമുക്കില്‍ മീന്‍കുഞ്ഞ് പോലും അറിയാതെ കൊലപാതകം നടത്തി മുങ്ങിയ വീരനെ തമിഴ്‌നാട്ടില്‍ പോയി പൊക്കി പോലീസ്; നിര്‍ണായകമായത് ഓട്ടോക്കാരന്റെ മൊഴി; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും; തെളിവെടുപ്പ് ഇന്ന്

അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ തമിനാട് സ്വദേശിയെ പോലീസ് അവിടെയെത്തി പിടികൂടി. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേഷെന്ന രാജേന്ദ്രനെ (39) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍. വിനീതയുടെ മാല കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പ്രതി കന്യാകുമാരിയിലാണ് ആഭരണം വിറ്റത്.
പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്. കന്യാകുമാരിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് തെളിവെടുപ്പ്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും.
ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായക തുമ്പായത്. പേരൂര്‍ക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ ഒരു മാസം മുമ്പാണ് രാജേന്ദ്രന്‍ ജോലിക്ക് കയറിയത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പതിനൊന്നുമണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു.
ഉച്ചയ്ക്ക് നഴ്‌സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വിനീതയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. വിനീതയുടെ നാല് പവനോളം വരുന്ന സ്വര്‍ണ മാല കവരാനാണ് ക്രൂരത കാട്ടിയത്. എന്നാല്‍ വില്പനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ യുവതിയുടെ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു.
യുവതിയുടെ പക്കല്‍ നിന്നും കവര്‍ന്ന മാല കന്യാകുമാരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വിറ്റെന്നാണ് രാജേന്ദ്രന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും മുട്ടടയിലുള്ള കുളത്തില്‍ പ്രതി ഉപേക്ഷിച്ചിരുന്നു. രാജേന്ദ്രനെ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും.
കൃത്യം നടത്തിയ ശേഷം ഇദ്ദേഹം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്. പോലീസ് സംഘം തമിഴ്‌നാട്ടില്‍ എത്തിയാണ് രാജേന്ദ്രനെ പിടികൂടിയത്.
മോഷണ ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ രാജേന്ദ്രനും പരിക്കേറ്റിരുന്നു. മാലയെടുത്ത ശേഷം പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് പോയത്. സംഭവ ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
2014ല്‍ പ്രഭാത സവാരിക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇതിന്റെ വിശദാംശങ്ങള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























