തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിവിധ ജില്ലകളിലായി കുട്ടികളടക്കം 22 പേര്‍ക്കു കടിയേറ്റു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ടരയും മൂന്നരയും വയസ്സുള്ള കുട്ടികള്‍ അടക്കം 22 പേര്‍ക്ക് ഇന്നലെ നായ്ക്കളുടെ കടിയേറ്റു. കോട്ടയം ജില്ലയില്‍ നാലു വിദ്യാര്‍ഥികളെയും വീട്ടമ്മയെയും തെരുവുനായ്ക്കള്‍ കടിച്ചു. കോട്ടയം അയര്‍ക്കുന്നത്തു പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൊങ്ങാണ്ടൂര്‍ പുതുശേരില്‍ ജോണ്‍ കുര്യന്റെ മകള്‍ സാന്ദ്രാ മരിയ ജോണി(16)നു കടിയേറ്റത് സ്‌കൂളിലേക്കു നടന്നുപോകുമ്പോഴാണ്.
പാദത്തിലും കാലിലുമായി നായ തുടരെ കടിച്ചതിനെ തുടര്‍ന്നു സാന്ദ്ര ബോധരഹിതയായിരുന്നു. സാന്ദ്രയെ നാട്ടുകാരാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കുമരകം സേക്രഡ് ഹാര്‍ട്ട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയും പൗവത്ത് സജിമോന്റെ മകനുമായ അഭിലാഷിനെ (8) സ്‌കൂളിലെ മൂത്രപ്പുരയില്‍ കയറിയാണു നായ കടിച്ചത്. ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളായ സുധി (18), അപര്‍ണ (15) എന്നിവരെ സ്‌കൂള്‍ വിട്ടുവരുമ്പോഴാണു നായ ആക്രമിച്ചത്.
വീട്ടുമുറ്റത്തു നില്‍ക്കുമ്പോഴാണു മൂങ്ങാക്കുഴിയില്‍ സുധ(47)യെ നായ കടിച്ചത്. ഇടുക്കി ജില്ലയില്‍ ഏഴുപേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റു ചികില്‍സ തേടി. എറണാകുളം ജില്ലയില്‍ ആറുവയസ്സുകാരനടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റു. സൗത്ത് പുതുവൈപ്പിന്‍ ചെറുപറമ്പില്‍ റഫീക്കിന്റെ മകന്‍ മുഹമ്മദ് അമാന്‍ (ആറ്), വഞ്ചിപ്പുരയ്ക്കല്‍ സുശീലന്‍ (45), പൂതംപറമ്പില്‍ രാജേഷിന്റെ ഭാര്യ പ്രീതി (40) എന്നിവര്‍ക്കാണു കടിയേറ്റത്. പറവൂര്‍ കടക്കര ഇടത്തുരുത്തി പതിനാലുനികത്തില്‍ കോമളത്തെ (65) പ്രസവിച്ചുകിടന്ന നായ് കടിച്ചു.
തൃപ്പൂണിത്തുറ തിരുവാങ്കുളം വലിയപറമ്പില്‍ മിനി ജോസിനും കടിയേറ്റു. എറണാകുളം ജില്ലയില്‍ ആറു ദിവസത്തിനിടെ 13 പേര്‍ക്കാണു തെരുവുനായ്ക്കളുടെ കടിയേറ്റത്. കാസര്‍കോടു ജില്ലയില്‍ മൂന്നു കുട്ടികള്‍ അടക്കം എട്ടുപേര്‍ക്കു കടിയേറ്റു. മഞ്ചേശ്വരം മച്ചംപാടി സിഎം നഗറിലെ ഇബ്രാഹിമിന്റെ മകള്‍ നഫീസത്തുല്‍ ഷിഫാന (മൂന്നര), പാവൂര്‍ സ്വദേശികളായ യൂസഫിന്റെ മകള്‍ മെഹ്‌റൂഫ (നാല്), വെങ്കിടേഷ് ഭണ്ഡാരി (52), ബാവ (41), മച്ചംപാടി കോടിയിലെ പുഷ്പ (55) എന്നിവര്‍ക്കാണു കടിയേറ്റത്. കാഞ്ഞങ്ങാട് മടിക്കൈ കാരക്കോട്ട് ദിനേശന്‍ (48), കല്യാണ്‍ റോഡ് അഞ്ജു (18), ഉണ്ണിപ്പീടികയിലെ ദിയ കല്യാണി (രണ്ടര) എന്നിവര്‍ക്കും കടിയേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























