'ഗോ ബാക്ക്'വിളിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു...പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ശാസനം..ക്ഷുഭിതനായി ഗവര്‍ണര്‍.. നിയമസഭയില്‍ നാടകീയ നീക്കങ്ങള്‍

15–ാം കേരള നിയമസഭയുടെ 4–ാം സമ്മേളനത്തിനു മുന്നോടിയായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. പ്രകടനമായി പുറത്തേക്കു പോയി. ഗവർണർ സഭയിലെത്തിയതിനു പിന്നാലെ ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഗവർണർ പ്രസംഗം ആരംഭിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും ക്ഷുഭിതനായ ഗവർണർ, ഇപ്പോൾ ചർച്ചയ്ക്കുള്ള സമയമല്ലെന്നു പറഞ്ഞു.
നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഏറെനേരം സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഗവർണർ ഇന്നു നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആകാംക്ഷയിലാണ്. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാത്ത ഗവർണർ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി നേതാവ് ഹരി എസ്.കർത്തയെ നിയമിച്ചതിലുള്ള വിയോജനക്കുറിപ്പ് സർക്കാരിന് വേണ്ടി അയച്ചത് ജ്യോതിലാലായിരുന്നു.
പൗരത്വനിയമഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്ക് വേണ്ടി വായിക്കുന്നുവെന്ന് മുൻകാലത്ത് പറഞ്ഞ് അസാധാരണ കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുള്ള ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമനങ്ങളിലും രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തിലും ഒടുവിൽ സ്വന്തം പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനത്തിലുമടക്കം ഇടഞ്ഞുനിൽക്കുന്ന ഗവർണർ മറ്റൊരു നയപ്രഖ്യാപനം നടത്തുമ്പോൾ പുതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
അനിശ്ചിതത്വത്തിനൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടെങ്കിലും അദ്ദേഹം അതിൽ ഏതെങ്കിലും ഭാഗം വായിക്കാതെ വിടുമോ എന്നതാണ് സർക്കാരിന്റെ ഇന്നത്തെ ഉത്കണ്ഠ. ഇന്നു രാവിലെ ഒൻപതിനാണ് നയപ്രഖ്യാപന പ്രസംഗം. ഇതിനു ശേഷം ഗവർണർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും നിശ്ചയിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ, ഒഴിവാക്കുകയാണെന്ന് പറഞ്ഞു കൊണ്ടു തന്നെ ഗവർണർ വായിക്കാതെ വിട്ടിരുന്നു. വായിച്ചില്ലെങ്കിലും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും ബജറ്റ് രേഖകളുടെ ഭാഗമാകും. സംസ്ഥാനത്തിനുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ കേന്ദ്രം തീരുമാനമെടുക്കാത്തതും കടമെടുപ്പു പരിധി വർധിപ്പിക്കാത്തതുമെല്ലാം നയപ്രഖ്യാപനത്തിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന.
https://www.facebook.com/Malayalivartha