പ്രതിമാസം 43,000 രൂപ ശമ്പളം: കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവ ചുമതല: പരാതികൾക്കും പരിഭവങ്ങൾക്കും ഒടുവിൽ സ്വപ്നസുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഒടുവിൽ ജോലി കിട്ടിയിരിക്കുകയാണ്. അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയിലാണ് സ്വപ്ന ജോലിക്കെത്തുന്നത്
ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് അവർ ജോലിയിൽ പ്രവേശിക്കുന്നത്. സി.എസ്.ആർ. ഡയറക്ടറായാണ് സ്വപ്ന സുരേഷ് ചുമതലയേൽക്കുന്നതെന്ന് എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞു.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-സി.എസ്.ആർ.) ഫണ്ടുകൾ വിനിയോഗിച്ചാണ് എച്ച്.ആർ.ഡി.എസ്. ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്. സ്വപ്ന സുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും. സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാകും ചുമതല. സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിച്ചിട്ടില്ല. അത്കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. ഫെബ്രുവരി 11നാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് കിട്ടിയത് . പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത് .
കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുക്കുള്ള ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു. താൻ ആത്മഹത്യയുടെ വക്കിൽ ആണെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഈയൊരു അവസ്ഥയിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയത് വളരെ അധികം ആശ്വാസകരമായി മാറിയിരിക്കുകയാണ്.
അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറി. കൊച്ചി എൻഐഎ കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ പിൻമാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകൻ പിൻമാറുന്നത് എന്നതും ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു
https://www.facebook.com/Malayalivartha