മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി

മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി. ഈ മാസം 21-നകം ബോണസ് തുക തൊഴിലാളികള്‍ക്കു വിതരണം ചെയ്യും. ഇതു സംബന്ധിച്ച കരാറില്‍ കമ്പനി മാനേജ്‌മെന്റും അംഗീകൃത തൊഴിലാളി യൂണിയന്‍ നേതാക്കളും ഒപ്പുവച്ചു.
കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും സമരസമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ നടത്തിയ ഒന്‍പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണു തീരുമാനമുണ്ടായത്്. ചര്‍ച്ചയിലെ തീരുമാനം സമരസ്ഥലത്തുള്ള മന്ത്രി പി.കെ. ജയലക്ഷ്മിയെ മന്ത്രി ഷിബു ബേബിജോണിന്റെ ഫോണിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. സമരവേദിയില്‍ തീരുമാനം പ്രഖ്യാപിച്ചത് മന്ത്രി ജയലക്ഷ്മിയാണ്.
കഴിഞ്ഞ തവണ ബോണസ് 19% ആയിരുന്നു. ഇത് 20 ശതമാനമാക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. 11.67% എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയാണ് 20% ബോണസ് അനുവദിച്ചത്. ദിവസക്കൂലി 232 രൂപയില്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം 26 ന് മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ ചേരും. വീട് ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും.
തോട്ടം മേഖലയില്‍ പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, ഫാക്ടറീസ് ആക്ട് എന്നിവ കര്‍ശനമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനാ സൗകര്യം നല്‍കാനായി പ്ലാന്റേഷന്‍ ലേബര്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 11ന് ആരംഭിച്ച ചര്‍ച്ച രാത്രി എട്ടിനാണു പൂര്‍ത്തിയായത്.
രാവിലെ ചര്‍ച്ച തുടങ്ങിയത് മന്ത്രിമാരുടെ സാന്നിധ്യത്തിലാണ്. ട്രേഡ് യൂണിയന്‍ നേതാക്കളെ കണ്ടത് കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ്. ഈ ചര്‍ച്ചയില്‍ ജോയ്‌സ് ജോര്‍ജ് എംപി, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ഇടുക്കി കലക്ടര്‍ വി. രതീശന്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് സമരസമിതിയെ പ്രതിനിധീകരിച്ച് എത്തിയവരുമായി ചര്‍ച്ച നടത്തി.
ആദ്യ ഘട്ട ചര്‍ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂര്‍ത്തിയായപ്പോഴും എല്ലാവര്‍ക്കും സമ്മതമായ ഫോര്‍മുല രൂപീകരിക്കാനായിരുന്നില്ല. കൂലി വര്‍ധന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കാമെന്ന ധാരണ മാത്രമാണു രൂപപ്പെട്ടത്. കമ്പനി നഷ്ടത്തില്‍ പോകുമ്പോള്‍ ബോണസ് വര്‍ധന സാധ്യമല്ലെന്ന നിലപാട് കമ്പനി മാനേജ്‌മെന്റ് എടുത്തു. ആദ്യഘട്ട ചര്‍ച്ചയില്‍ ധാരണയാകാതെ വന്നതോടെ കോട്ടയത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മന്ത്രി ഷിബു ബേബിജോണ്‍ ഫോണില്‍ ബന്ധപ്പെട്ടു. ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി നേരിട്ട് എത്താമെന്ന് അറിയിച്ചതോടെ അടുത്ത ഘട്ട ചര്‍ച്ച വൈകിട്ട് നാലരയ്ക്കു നിശ്ചയിച്ചു.
അഞ്ചേകാലോടെ മുഖ്യമന്ത്രി എത്തി. കമ്പനി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സമരസമിതി പ്രതിനിധികള്‍ എന്ന ഊഴത്തിലായിരുന്നു രണ്ടാം ഘട്ട ചര്‍ച്ചയും. ഇതിനു ശേഷം വീണ്ടും കമ്പനി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയാണ് അന്തിമധാരണയിലെത്തിയത്. തുടര്‍ന്ന് സമരസമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവച്ചു.
ലാഭം കുറയുമ്പോള്‍ ബോണസ് വര്‍ധിപ്പിച്ചുകൊടുക്കുന്നതിന് സര്‍ക്കാരിനു സാങ്കേതികവും നിയമപരവുമായ തടസങ്ങളുണ്ടെങ്കിലും മൂന്നാറിലേത് പ്രത്യേക കേസായി കണ്ട് തീരുമാനമെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൂര്‍ണവിജയം എന്ന് അവകാശപ്പെടുന്നില്ലെന്നായിരുന്നു സമരസമിതി പ്രതിനിധികളുടെ പ്രതികരണം. തൊഴിലാളികള്‍ നേടിയ ഈ വിജയം ട്രേഡ് യൂണിയനുകള്‍ക്ക് മുന്നറിയിപ്പാണെന്നും അവര്‍ പ്രതികരിച്ചു.
കണ്ണന്‍ ദേവന്‍ കമ്പനിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ടി. ദാമു, എംഡി മാത്യു ഏബ്രഹാം, ജനറല്‍ മാനേജര്‍ ഗുഹ താക്കുര്‍ത്ത, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് മാനേജര്‍ പ്രിന്‍സ് തോമസ് ജോര്‍ജ് എന്നിവരും ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സി.എ. കുര്യന്‍, എം.വൈ. ഔസേപ്പ്, പി. പളനിവേല്‍ (എഐടിയുസി), എ.കെ. മണി, ജി. മുനിയാണ്ടി, ആര്‍. കറുപ്പസ്വാമി, പി. ജയരാജ് (ഐഎന്‍ടിയുസി), കെ.വി. ശശി, വി.ഒ. സാജു (സിഐടിയു) എന്നിവരും സമരസമിതിയെ പ്രതിനിധീകരിച്ച് സുന്ദരവല്ലി, വനറാണി, ലിസി, സംഗീത, അന്തോണിരാജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കണ്ണന്‍ദേവന്‍ കമ്പനിയുടെ വര്‍ഷങ്ങളായുള്ള ചൂഷണത്തിനെതിരെ മൂന്നാറില്‍ തൊഴിലാളികളായ സഹോദരിമാര്‍ നേടിയതു ചരിത്രവിജയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
തൊഴിലാളി സമരം ഒത്തുതീര്‍ത്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ഇടപെടലുകള്‍ അഭിനന്ദനീയമാണ്. ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ പങ്കെടുത്ത മന്ത്രിമാരായ ഷിബു ബേബിജോണിനെയും ആര്യാടന്‍ മുഹമ്മദിനെയും ആത്മസംയമനത്തോടെ പെരുമാറിയ പൊലീസിനെയും നിര്‍ദേശം നല്‍കിയ ആഭ്യന്തരമന്ത്രിയെയും കെപിസിസി അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























