ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിന്റെ പരീക്ഷണയാത്രക്കുള്ള ജലവിമാനം നെടുമ്പാശേരിയിലെത്തി

ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിനായുള്ള, രണ്ടു പൈലറ്റുമാരുള്‍പ്പെടെ പതിനൊന്ന് യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന ജലവിമാനം നെടുമ്പാശേരിയിലെത്തി. സെസ്‌ന കാരവന്‍ സീരിസിലുള്ള വി.ടി.എംഎച്ച്ബി എന്നു വിളിപ്പേരുള്ള ജലവിമാനമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലത്തു പരീക്ഷണയാത്ര നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. ജലവിമാന സര്‍വീസിന് വൈകാതെ സംസ്ഥാനത്തു തുടക്കം കുറിക്കാനാകുമെന്നാണു പ്രതീക്ഷ.
മത്സ്യതൊഴിലാളികളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും ആശങ്കകള്‍ പരിഹരിച്ച ശേഷമായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക. സംസ്ഥാനത്തിന്റെ ടൂറിസം, ഗതാഗത മേഖലകള്‍ക്കു ഗതിവേഗം പകരുന്ന പദ്ധതിക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഹയര്‍ (മാരിടൈം എനര്‍ജി ഹെലി എയര്‍ സര്‍വീസസ്) ആണ് സംസ്ഥാനത്ത് ജലവിമാന പദ്ധതിയുമായി എത്തിയിരിക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ടൂറിസം-ഫിഷറീസ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മത്സ്യ തൊഴിലാളി കോഓര്‍ഡിനേഷന്‍ സമിതിയുമായും ചര്‍ച്ച പൂര്‍ത്തിയായി. മത്സ്യബന്ധന തൊഴിലാളികള്‍, കായലിനെ ആശ്രയിച്ചു കഴിയുന്ന കക്കവാരല്‍ തൊഴിലാളികള്‍ എന്നിവരുടെയെല്ലാം പരാതികള്‍ പരിഹരിച്ച ശേഷമേ പദ്ധിക്കു തുടക്കമാകൂ എന്നു ചര്‍ച്ചയില്‍ ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായി ജലവിമാന പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്ന കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) മാനേജിങ് ഡയറക്ടര്‍ എസ്. അനില്‍ കുമാര്‍ മനോരമയോടു പറഞ്ഞു.
തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളെയും കൊല്ലം, ആലപ്പുഴ, കൊച്ചി വാട്ടര്‍ഡ്രോമുകളെയും ബന്ധിപ്പിച്ചാണു സര്‍വീസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പട്ടണങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സാധിക്കും. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന സീ പ്ലെയിനുകള്‍ വിനോദസഞ്ചാരത്തിനും ആക്കം കൂട്ടും.
കേരളത്തിന്റെ ജലാശയങ്ങളില്‍ വഞ്ചിവീടിനു ശേഷമുള്ള പ്രധാന കാഴ്ചകൂടിയായി മാറും ജലവിമാനങ്ങള്‍. ആന്‍ഡമാനില്‍ ജലവിമാന പദ്ധതി വിജയകരമായി നടത്തിയ മെഹയര്‍ ഗ്രൂപ്പ് കേരളത്തിലെത്താന്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























