റബര്‍ ഫാക്ടറിയിലെ കട്ടിങ് മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

വടവാതൂരിലെ എംആര്‍എഫ് റബര്‍ ഫാക്ടറിയിലെ മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. സൗത്ത് പാമ്പാടി പൂതകുഴി അമ്പഴത്തിനാല്‍ എ.എന്‍. സോമശേഖരന്‍പിള്ളയുടെ മകന്‍ കെ.എസ്. രമേശ്(38) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം. ബണ്ടിലായി വരുന്ന റബര്‍ ചെറിയ കഷ്ണങ്ങളാക്കുന്ന കട്ടിങ് മെഷീനിലായിരുന്നു രമേശിന്റ ജോലി.
കണ്‍വേയറില്‍വച്ച് ബ്ലെയ്ഡ് ഘടിപ്പിച്ച് സിലിണ്ടര്‍ ഉപയോഗിച്ചാണു ബണ്ടിലുകള്‍ കട്ട് ചെയ്യുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറിയ രമേശ് ബണ്ടില്‍ കട്ടുചെയ്യുന്നതിനിടെ പിന്നോട്ടു വന്ന സിലിണ്ടറിനിടയില്‍ അകപ്പെടുകയായിരുന്നു. മെഷീന്‍ ഓഫാക്കി മറ്റു ജോലിക്കാര്‍ അരമണിക്കൂര്‍ ശ്രമിച്ചശേഷമാണു രമേശിനെ പുറത്തെടുക്കാന്‍ സാധിച്ചത്.
ഉടനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.എം.എസ്. യൂണിയന്‍ അംഗമായിരുന്ന രമേശ് 15 വര്‍ഷമായി ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു വൈകിട്ട് നാലിനു വീട്ടുവളപ്പില്‍. ഭാര്യ: രേഷ്മ, പള്ളിക്കത്തോട് ഇടപ്പാട്ട് കുടുംബാംഗം. ഏകമകള്‍ കീര്‍ത്തന(ശ്രീഭദ്ര സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനി).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























