വീട്ടുമുറ്റത്തിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ച് തൂക്കിയെടുത്തു

കുറവിലങ്ങാട് വെളിയന്നൂരിനടുത്തു സഹോദരിക്കൊപ്പം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ചു തൂക്കിയെടുത്തു. നിലവിളികേട്ടെത്തിയ അമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലും ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്കു തെരുവുനായയുടെ കടിയേറ്റു.
പുതുവേലി റോഡില്‍ തീപ്പെട്ടി നിര്‍മാണ ഫാക്ടറിക്കു സമീപം താമസിക്കുന്ന പാലക്കാട് വടക്കഞ്ചേരി വണ്ടാഴിനെല്ലിക്കോട് മരുതംപാടത്ത് പ്രകാശിന്റെ മകന്‍ ശ്രേയസിനെയാണു നായ കടിച്ചെടുത്തത്. നെഞ്ചിലാണു കുട്ടിക്കു പരുക്ക്. തീപ്പെട്ടി ഫാക്ടറിയിലെ ജോലിക്കാരനായ പ്രകാശ് ജോലിക്കു പോയ സമയത്ത് ഇന്നലെ 12.30ന് ആയിരുന്നു സംഭവം.
അമ്മ മേഖല ശ്രേയസിനെ ഒന്‍പതുവയസ്സുകാരി മകള്‍ ശിഖയ്‌ക്കൊപ്പം മുറ്റത്ത് ഇരുത്തിയശേഷം അടുക്കളയിലേക്കു പോയതായിരുന്നു . ശ്രേയസിന്റെ ഷര്‍ട്ടില്‍ കടിച്ചു തൂക്കിയെടുക്കുകയായിരുന്നു നായ. നാട്ടുകാര്‍ കുട്ടിയെ കൂത്താട്ടുകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ഡോക്ടറോ കുത്തിവയ്പിനുള്ള മരുന്നോ ഉണ്ടായിരുന്നില്ല. തുടര്‍ന്നു കുട്ടിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചു കുത്തിവയ്‌പ്പെടുത്തു.
മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി ഖദീജയുടെയും ബഷീറിന്റെയും മകള്‍ സാനിയയ്ക്കാണ് (11) ക്വാര്‍ട്ടേഴ്‌സിനു സമീപത്തുവച്ചു നായയുടെ കടിയേറ്റത്. സാനിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രതിരോധ കുത്തിവയ്പ്പു നല്‍കി. കാലില്‍ രണ്ടു പല്ല് ആഴത്തില്‍ ഇറങ്ങി മുറിഞ്ഞിട്ടുണ്ട്.
സംഭവം അറിഞ്ഞെത്തിയ അടുത്ത ക്വാര്‍ട്ടേഴ്‌സിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി പിങ്കി, അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് ശാന്തകുമാരി എന്നിവരെയും തെരുവുനായ ഓടിച്ചെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരി ഷീജയുടെയും അനുരൂപിന്റെയും മകളാണു പിങ്കി. അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ കയറിയതോടെയാണു രക്ഷപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























