കാര്യങ്ങള്‍ മാറിമറിയുന്നു... സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്; ഇത് കള്ളക്കേസാണെന്നും തനിക്കു നോട്ടീസ് അയച്ചതു നിയവിരുദ്ധവുമെന്ന് ബി. രാമന്‍പിള്ള

നടിയെ ആക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസും സമാന്തരമായി പോകുമ്പോള്‍ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം.
ഇതുസംബന്ധിച്ച് കോട്ടയം ക്രൈംബ്രാഞ്ച് രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഇത് കള്ളക്കേസാണെന്നും തനിക്കു നോട്ടീസ് അയച്ചതു നിയവിരുദ്ധവും തെറ്റായ നടപടിയുമാണെന്നു ബി. രാമന്‍പിള്ള മറുപടി നല്‍കി.
എഫ് .ഐ.ആറില്‍ ഉള്ള ഒരു കുറ്റവും പ്രഥമദൃഷ്ട്യാ നിലനില്‍ക്കിലെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തല്‍. കേസ് നിയമപരമായി നിലനില്‍ക്കാത്തതും നിയമവാഴ്ചയ്‌ക്കെതിരേയുള്ള വെല്ലുവിളിയുമാണ്. രാമന്‍പിള്ള പറഞ്ഞു.
കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഈ കേസിന്റെ അന്വേഷണ ആവശ്യത്തിലേക്കു നേരില്‍ കണ്ടു ചോദിച്ചു മൊഴി രേഖപ്പെടുത്തേണ്ടതു അത്യാവശ്യമാണെന്നാണു നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇങ്ങനെ ചോദിച്ചത്.
വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ പ്രശ്‌നം തീരുമല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു. വിചാരണ തടസപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കം പങ്കാളികളായ കള്ളക്കഥയാണിതെന്നായിരുന്നു ഇതിന് ദിലീപിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് കക്ഷിചേര്‍ന്നു. വിചാരണക്കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്നാണ് നടിയുടെ ഹര്‍ജി.
യുവനടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ലെന്നും പുനരന്വേഷണമാണെന്നും ദിലീപ് ആരോപിച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന് വരുത്താന്‍ കെട്ടിച്ചമയ്ക്കുന്നതാണ് ഇക്കഥയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശേഷാധികാരത്തിന്റെ ഭാഗമാണ്. വെളിപ്പെടുത്തല്‍ വൈകാനിടയായ കാര്യങ്ങളടക്കം അന്വേഷിക്കാം. വെളിപ്പെടുത്തല്‍ പ്രത്യേകമായി പരിശോധിക്കാതെ അന്വേഷണത്തിലേക്ക് കടന്നതില്‍ തിടുക്കം ഉണ്ടാകും. പക്ഷേ, അതിന്റെ പേരില്‍ അന്വേഷിക്കേണ്ടതില്ലെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























