മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആരംഭിച്ച അക്ഷയ കേന്ദ്രം പദ്ധതിയെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേട്ടമായി ചിത്രീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആരംഭിച്ച അക്ഷയ കേന്ദ്രം പദ്ധതിയെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേട്ടമായി ചിത്രീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. മുഖ്യമന്ത്രിയുമായുള്ള ഐസക്കിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ മറ നീക്കി പുറത്തുവന്നത്.
കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ശിവശങ്കറെ ഇകഴ്ത്തിയത്. 2001-2006 കാലത്ത് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് ശിവശങ്കര്‍ മലപ്പുറം ജില്ലാ കളക്ടറായത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്നു അക്കാലത്ത് ശിവശങ്കര്‍.
ഐ.ടി.വകുപ്പിന്റെ ചുമതലയും അക്കാലത്ത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായം തീര്‍ച്ചയായും ശിവശങ്കറിന് ലഭിച്ചിരിക്കാം. എന്നാലും അക്ഷയ കേന്ദ്രം തന്റെ നേട്ടമാണെന്നു തന്നെയാണ് ശിവശങ്കര്‍ അവകാശപെടുന്നത്. കുഞ്ഞാലിക്കുട്ടിയാകട്ടെ ഒരിക്കല്‍ പോലും ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല
ജനകീയാസൂത്രണം മലപ്പുറത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ സഹായം ഉള്ളതു കൊണ്ടാണെന്ന് പറയുന്ന ഐസക്ക് കുഞ്ഞാലിക്കുട്ടിയെ പ്രശംസ കൊണ്ട് മൂടി.
29-ാം വയസ്സില്‍ 1980-ല്‍ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 1982-ല്‍ എംഎല്‍എ ആയെങ്കിലും ചെയര്‍മാന്‍ സ്ഥാനവും തുടര്‍ന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്‌സ്, പല പ്രധാനപ്പെട്ട റോഡുകള്‍ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു.
എംഎസ്എഫിന്റെ പ്രവര്‍ത്തകനായിട്ടാണു രാഷ്ട്രീയ രംഗപ്രവേശനം. സംസ്ഥാന ട്രഷറര്‍ ആയി. ഫറൂഖ് കോളേജ് യൂണിയന്‍ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയത് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ്.
ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യരായിട്ടുള്ള യുവരാഷ്ട്രീയ പ്രവര്‍ത്തകരെ കെആര്‍പിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങള്‍ പ്ലാനിംഗ് ബോര്‍ഡില്‍ നിന്നും തെരഞ്ഞെടുത്തതാകട്ടെ ഒട്ടുമിക്കപേരും പരിഷത്ത് പ്രവര്‍ത്തകരായിരുന്നു. അതില്‍ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള കെആര്‍പിമാര്‍ ഒരു ടീമായിതന്നെ പ്രവര്‍ത്തിച്ചു. ഇത് ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതി നിര്‍വ്വഹണത്തിനും വഴിയൊരുക്കി.
രണ്ടാംഘട്ട പരിശീലനവേളയില്‍ കൈപ്പുസ്തകത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഞാന്‍ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കില്‍ വിവാദഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ധാരണയില്‍ പ്രശ്‌നം തീര്‍ത്തു. ഒരു പത്രത്തിലും ഇതു വാര്‍ത്തയുമായില്ല.
ഇക്കഴിഞ്ഞ 18-ന് പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നു സമ്മതിച്ചു. ''കേരളത്തിലെ സാധാരണ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.'' തദ്ദേശഭരണ വകുപ്പിന്റെ ഏകീകരണവും കോമണ്‍ കേഡറിന്റെ രൂപീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണ ജനങ്ങളുടെ സേവനാവകാശങ്ങള്‍ വേഗതയില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കും. എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടല്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിയമസഭയില്‍ ആയാലും പുറത്തായാലും തല്‍സമയ പ്രസംഗമാണു ശൈലി. നിയസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യില്‍ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും. ഇത്തരത്തില്‍ കുഞ്ഞാലിക്കുട്ടിയെ ലോഭമില്ലാതെ പ്രശംസിക്കുകയാണ് ഐസക്ക് ചെയ്യുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടിയു പിണറായിയും തമ്മില്‍ മികച്ച ബന്ധമാണ് ഇപ്പോഴും എപ്പോഴുമുള്ളത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പരസ്യമായി പ്രകീര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെയാണ് ഇരു വിഭാഗം നേതാക്കളും കണ്ടിട്ടുള്ളത്. ഒരു സി പി എം നേതാവ് ലീഗ് നേതാവിനെ പുകഴ്ത്തി രംഗത്തെത്തുന്നത് ആദ്യമായാണ്. ലീഗ് രാഷ്ട്രീയത്തിനെതിരെ അടുത്ത കാലത്ത് മുഖ്യമന്ത്രിയും സി പി എമ്മും അതിരൂക്ഷമായി രംഗത്തെത്തിയിരുന്നു. മുന്‍ മന്ത്രി കെ റ്റി ജലീല്‍ ആകട്ടെ കുഞ്ഞാലിക്കുട്ടിയുടെ ഒന്നാം നമ്പര്‍ ശത്രു തന്നെയാണ് ഇപ്പോഴും. ലീഗ് രാഷ്ട്രിയത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഐസക്കിന്റെ പുകഴ്ത്തല്‍ വായിക്കേണ്ടത്.
https://www.facebook.com/Malayalivartha























