റോഡില്‍ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പിടികൂടാന്‍ പുതിയ നീക്കവുമായി മാട്ടോര്‍ വാഹന വകുപ്പ്

റോഡില്‍ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പിടികൂടാന്‍ പുതിയ നീക്കവുമായി മാട്ടോര്‍ വാഹന വകുപ്പ്. പൊതുജനങ്ങളുടെ സഹായം തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗമടക്കം നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയയ്ക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ബൈക്ക് അഭ്യാസങ്ങള്‍ വീണ്ടും കൂടിയ സാഹചര്യത്തിലാണ് എംവിഡിയുടെ പുതിയ നീക്കം.
റോഡുകള്‍ അഭ്യാസക്കളങ്ങളാക്കി മാറ്റിയും അവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് പലരും. ഒരാഴ്ചത്തെ ഓപ്പറേഷന്‍ സൈലന്‍സിലൂടെ ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതില്‍ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിതവേഗത്തിനുമാണ്.
ഓപ്പറേഷന്‍ സൈലന്‍സ് പ്രഖ്യാപിച്ച് പരിശോധന വ്യാപകമാക്കിയെങ്കിലും പരിശോധകരുടെ കണ്ണെത്താത്ത ഇടങ്ങളിലാണ് അഭ്യാസങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് നിയമലംഘനം കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം തേടുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും ഓടിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദൃശ്യങ്ങളും കൈമാറാം. അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാരുടെ നമ്പര്‍ ഇതിനായി പരസ്യപ്പെടുത്തി.
അഭ്യാസ പ്രകടനം, മത്സരയോട്ടം, അപകടകരമായ രീതിയിലുള്ള വാഹനങ്ങളുടെ രൂപമാറ്റം, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കല്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഇവ കണ്ടെത്തിയ സ്ഥലവും താലൂക്കും ജില്ലയും സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എംവിഡി ഉറപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha



























