'മലയാളസിനിമയുടെ അമ്മ അരങ്ങൊഴിഞ്ഞു'; ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു; മലയാള സിനിമാലോകത്തിന് നഷ്ടമായത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രതിഭയെ

ചലച്ചിത്രതാരം കെ പി എ സി ലളിത അന്തരിച്ചു. 75 വയസായിരുന്നു. വിവിധ ശാരീരിക വിഷമതകള്‍ അനുഭവിച്ചിരുന്ന കെ പി എ സി ലളിത എറെ നാളുകളായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ വീട്ടില്‍ വച്ചാണ് അന്ത്യം. അമ്ബത് വര്‍ഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന കെ പി എ സി ലളിത കെ പി എ സിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച ലളിതയുടെ ശരിയായ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍. വളരെ ചെറുപ്പത്തില്‍ തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ച ലളിത, തന്റെ പത്താം വയസില്‍ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് കെ പി എ സിയില്‍ ചേരുകയും ലളിത എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. സിനിമയില്‍ എത്തിയതിന് ശേഷമാണ് പേരിനൊപ്പം കെ പി എ സി എന്ന് കൂടി ചേര്‍ക്കുന്നത്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്ത ലളിത, 1998ല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. അതിന് ശേഷം 1999ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മടങ്ങിവന്ന ലളിത, രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 550 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് മക്കള്‍ ഉണ്ട്.
https://www.facebook.com/Malayalivartha



























