കഷ്ടപ്പാടിനിടയിലും... അഭിനയ വിസ്മയം കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ചലനമറ്റ് മലയാള സിനിമ; വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി കിട്ടിയ കഥാപാത്രങ്ങളില്‍ നിറഞ്ഞുനിന്നു; താനെങ്ങനെ സിനിമയിലേക്ക് വന്നുവെന്ന് കെപിഎസി ലളിത മുമ്പ് പറഞ്ഞ വാക്കുകള്‍

അനശ്വരങ്ങളായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി കെപിഎസി ലളിത വിടവാങ്ങി. താനെങ്ങനെ സിനിമയിലേക്ക് വന്നുവെന്ന് കെപിഎസി ലളിത നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്.
ഏഴാം ക്ലാസ്‌കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തിയതുകൊണ്ടാണു ഞാനൊരു നടിയായതെന്നാണ് കെപിഎസി ലളിത പറയുന്നു. എന്റെ അച്ഛന്‍ അനന്തന്‍നായര്‍ ഫോട്ടോഗ്രഫര്‍ ആയിരുന്നു. പത്തു വയസ്സു മുതല്‍ അച്ഛന്‍ എന്നെ നൃത്തം പഠിപ്പിച്ചു. കലാമണ്ഡലം ഗംഗാധരന്‍നായരുടെ ഡാന്‍സ് ട്രൂപ്പിലെ പ്രധാന നര്‍ത്തകിയായി ഞാന്‍. അന്നു മുതലേ മനസ്സില്‍ നാടകമുണ്ട്. കാരണം നൃത്തപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ അതു കഴിഞ്ഞു നാടകമുണ്ടാകും. അതു കണ്ടും കേട്ടും ഒരു നടിയാകാന്‍ മനസ്സില്‍ മോഹം കൊണ്ടുനടക്കുകയായിരുന്നു ഞാന്‍...
എന്റെ അച്ഛന്‍ ചങ്ങനാശേരി പെരുന്നയില്‍ രവി സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാലത്ത് ആ കെട്ടിടത്തിന്റെ മുകള്‍നിലയിലാണു ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി പ്രവര്‍ത്തിച്ചിരുന്നത്.
അച്ഛനു ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോള്‍ ഞാന്‍ അവിടെപ്പോയി റിഹേഴ്‌സലും മറ്റും കാണുമായിരുന്നു. ഒരുദിവസം ഗീഥാ ഉടമ ചാച്ചപ്പന്‍ എന്റെ അച്ഛനോട് എന്നെ നാടകത്തിനു വിടാമോ എന്നു ചോദിച്ചു. പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല. അവസാനം അവര്‍ ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്.
പിന്നീടു ഞാന്‍ ഗീഥായുടെ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പക്ഷേ ചെറിയ പ്രശ്‌നങ്ങളെത്തുടര്‍ന്നു വൈകാതെതന്നെ ഗീഥാ പൂട്ടി. അച്ഛന്‍ അതിനിടെ സ്വന്തമായി ലളിതാ സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഒരു ദിവസം ലളിതാ സ്റ്റുഡിയോയുടെ ഡാര്‍ക് റൂമില്‍ അച്ഛന്‍ തളര്‍ന്നു വീണു. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഫൊട്ടോഗ്രഫി നിര്‍ത്തണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അങ്ങനെ ഞങ്ങളുടെ കുടുംബച്ചെലവ് അവതാളത്തിലായി.
എങ്ങനെയും കെപിഎസിയില്‍ ഒരു നടിയാകുകയെന്നതായിരുന്നു എന്റെ സ്വപ്‌നം. കായംകുളത്തെ ഓഫിസിലേക്ക് എന്നെ ഇന്റര്‍വ്യൂവിനു വിളിച്ചു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ കെപിഎസി സുലോചനചേച്ചി പറഞ്ഞു. 'കുറേപ്പേര്‍ക്കു നിന്നെ ഇഷ്ടപ്പെട്ടു. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തീരെ വണ്ണമില്ലെന്നാണു പരാതി. കെ.പി. ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ തീരെ ശരീരത്തിന് ഒരെടുപ്പില്ലെങ്കില്‍ മഹാ വൃത്തികേടായിരിക്കും. അതുകൊണ്ടു പോയി വണ്ണം വച്ചിട്ടു വാ...'
ഞാന്‍ വീട്ടില്‍ പോയി തടി നന്നാക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയത്ത് വീട്ടിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. പല സമിതികളില്‍നിന്നും എന്നെത്തേടി ആളെത്തുന്നുണ്ട്. പക്ഷേ അതൊന്നും ശരിയാകുന്നില്ല. അവസാനം കോഴിക്കോട്ട് ബഹദൂറിക്കയുടെ സമിതിയില്‍ ചെന്നു. എനിക്ക് അഡ്വാന്‍സും തന്നു. പക്ഷേ തിരിച്ചു വീട്ടില്‍വന്നപ്പോഴാണു വേഗമെത്താന്‍ ആവശ്യപ്പെട്ടു കെപിഎസിയില്‍നിന്നു ടെലിഗ്രാം കിട്ടിയത്. അന്നുതന്നെ ഞാന്‍ ബഹദൂറിക്കയുടെ പണം തിരിച്ചയച്ചിട്ട് കെപിഎസിയില്‍ ചെന്നു ചേര്‍ന്നു.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അന്നു കളിച്ചിരുന്ന നാടകങ്ങള്‍. പക്ഷേ രണ്ടിലും എനിക്കു വേഷമില്ല. പാട്ടുപാടണം. ഞാന്‍ ശ്രുതിയും താളവും തെറ്റിച്ചൊക്കെ പാടും. എന്നാലും അടുത്ത വര്‍ഷം 'കൂട്ടുകുടുംബം' എന്ന നാടകത്തില്‍ പ്രധാന വേഷം തോപ്പില്‍ ഭാസിച്ചേട്ടന്‍ തന്നു. ബി. മഹേശ്വരിയമ്മ എന്ന എന്റെ പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തു.
കൂട്ടുകുടുംബത്തില്‍ അഭിനയിക്കുന്ന കാലത്താണ് സിനിമാ മോഹം എന്റെ തലയ്ക്കു പിടിച്ചത്. ഞാനും ലീലയും സിനിമാ സിനിമാന്നു പറഞ്ഞു നടക്കുകയാണ്. ഇടയ്ക്ക് തോപ്പില്‍ ഭാസിച്ചേട്ടന്‍ ഞങ്ങളെ വഴക്കു പറയും എന്തിനാ സിനിമായെന്നും പറഞ്ഞു നടക്കുന്നത്? കെപിഎസിയുടെ നാടകം തന്നെ ആവശ്യത്തിനുണ്ടല്ലോ...എന്ന്. കൂട്ടുകുടുംബത്തിനു ശേഷം തുലാഭാരം വന്നു. അശ്വമേധം സിനിമയാക്കി. തുലാഭാരം സിനിമയാക്കി. ഞങ്ങളൊക്കെ അതു കാണാന്‍ പോകുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം ഉദയാ സ്റ്റുഡിയോയില്‍ നാടകം അവതരിപ്പിക്കാന്‍ വിളിച്ചു. ഉദയാ സ്റ്റാഫിനും ചാക്കോച്ചന്റെ (കുഞ്ചാക്കോ) കുടുംബത്തിനും വേണ്ടിയാണു നാടകം. അതു കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഉദയായുടെ കവറില്‍ എനിക്കൊരു കത്ത്: 'കൂട്ടുകുടുംബം സിനിമയാക്കുന്നു. നാടകത്തില്‍ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങള്‍ തന്നെ ആ വേഷം ചെയ്യണം.' ആ കത്തു വായിച്ചപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. നമുക്കു സ്വപ്‌നം കാണാന്‍ കഴിയാത്ത കാര്യമാണല്ലോ. ആയിരം രൂപയാണു പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയാണ്.
അന്നുവരെ ഞാന്‍ ഷൂട്ടിങ് കണ്ടിട്ടില്ല. മൂവി ക്യാമറ എന്താണെന്നു പോലും അറിയില്ല. സേതുമാധവനാണു സംവിധായകന്‍. എന്നെ വച്ചാണ് ആദ്യ ഷോട്ടെടുത്തത്. ആ സിനിമ വലിയ ഹിറ്റായി. സംസ്ഥാന അവാര്‍ഡ് കിട്ടി. ചാക്കോച്ചന്‍ പറഞ്ഞു, 'ഇവള് ആദ്യമായിട്ട് അഭിനയിച്ചതല്ലേ? ഉദയായില്‍ ആദ്യമായി കാല്‍കുത്തിയതല്ലേ? അവള്‍ വന്നു ഫസ്റ്റ് ഷോട്ടെടുത്തപ്പോഴാണ് അവാര്‍ഡ് കിട്ടിയത്..' അതില്‍പ്പിന്നെ ഏറെ നാള്‍ ഉദയായുടെ എല്ലാ പടങ്ങളുടെയും ആദ്യ ഷോട്ട് എന്നെ വച്ചായിരുന്നു. ആ പടങ്ങളെല്ലാം നന്നായി ഓടിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha



























