മരണത്തിലും ഒന്നിച്ച്.... ചെറുപ്പം മുതല്‍ തുടങ്ങിയ കുടുംബബന്ധം മരണത്തിലും ഇവരെ പിരിയാന്‍ അനുവദിച്ചില്ല.. സുഹൃത്തിനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങിയ യാത്രയിലാണ് ഇരുവരും മോനിപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്, ഇവരുടെ വേര്‍പാടില്‍ വേദനിച്ച് പന്തളം തെക്കേക്കരയെന്ന ഗ്രാമം

മരണത്തിലും ഒന്നിച്ച്.... ചെറുപ്പം മുതല്‍ തുടങ്ങിയ കുടുംബബന്ധം മരണത്തിലും ഇവരെ പിരിയാന്‍ അനുവദിച്ചില്ല.. സുഹൃത്തായ മനുവിനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങിയ യാത്രയിലാണ് ഇരുവരും മോനിപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇഴപിരിയാത്ത സുഹൃദ്ബന്ധത്തിന്റെ ഉടമകളായിരുന്നു മനോജും ശ്രീജിത്തും.
കുട്ടനെന്ന് നാട്ടുകാരും വീട്ടുകാരും ഓമനപ്പേരില്‍ വിളിക്കുന്ന ശ്രീജിത്തിനെക്കുറിച്ചും ചെറുപ്പം മുതല്‍ അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന മനോജിനെക്കുറിച്ചും നാട്ടുകാര്‍ക്ക് എതിരഭിപ്രായമില്ല. നാട്ടിലെ നല്ല കാര്യങ്ങളില്‍ എപ്പോഴും ഇവരുടെ കൂട്ടുണ്ടാകും. ശ്രീജിത്തിന്റെ അമ്മ ഉഷാകുമാരിക്ക് മനോജ് മകനെപ്പോലെയായിരുന്നു. ആഹാരം കഴിക്കാനും വീട്ടിലെ എന്ത് കാര്യത്തിനും മനോജ്, ശ്രീജിത്തിന്റെ കൊട്ടിലുവുളയില്‍ വീട്ടിലേക്ക് ഓടിയെത്തും.
കുറച്ചുനാള്‍ മുമ്പ് ശ്രീജിത്ത് അബുദാബിയില്‍ ജോലിതേടിപ്പോയി രണ്ട് മാസം മുമ്പ് മടങ്ങിയെത്തിയപ്പോഴും പഴയ സൗഹൃദം കൂടുതല്‍ ദൃഢമാകുകയായിരുന്നു.
നാട്ടിലെത്തിയ ശ്രീജിത്ത് മനോജിനൊപ്പം വെല്‍ഡിങ് ജോലികള്‍ക്ക് സഹായിക്കാനായി പോകുമായിരുന്നു. ഒന്നിച്ച് ബൈക്കില്‍ പോകുന്ന സുഹൃത്തുക്കളെ അറിയാത്തവരായി ആ നാട്ടില്‍ ആരുമില്ല.
ചെറുപ്പത്തില്‍ അച്ഛന്‍ ഭാസ്‌കരന്‍ മരിച്ചപ്പോള്‍ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയതാണ് മനോജ്. പിന്നെ അക്ഷീണ പരിശ്രമമായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍.
രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞപ്പോള്‍ അടുത്തത് കയറിക്കിടക്കാനുള്ള വീടിനായിട്ടായിരുന്നു ശ്രമം.പഴയ വീട് പൊളിച്ചുമാറ്റി സമീപത്തായി ഒരു ഷെഡ് കെട്ടി അതിലായിരുന്നു താമസം. പഞ്ചായത്തില്‍നിന്ന് വീടനുവദിച്ചെങ്കിലും ഇതിന്റെ പണികള്‍ ബാക്കിയായിരുന്നു. രാവിലെ റബ്ബര്‍ വെട്ടാന്‍ ഭാര്യ അനിതയും മനോജുംകൂടി പോകുമായിരുന്നു. തിരികെയെത്തിയാല്‍ വെല്‍ഡിങ് ജോലിക്ക് പോകും. വിശ്രമില്ലാതെ ജോലിചെയ്ത് വീടുപണി പടിപടിയായി പൂര്‍ത്തിയാക്കി വരുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടം അന്ധകാരത്തിലാക്കിയത് മനോജിന്റെ കുടുംബത്തെയാണ്. നാടിനും വീടിനും താങ്ങും തണലുമായി നിന്ന മനോജിന്റെയും ശ്രീജിത്തിന്റെയും മരണം പന്തളം തെക്കേക്കരയെന്ന കൊച്ചു ഗ്രാമത്തെത്തന്നെ കരയിക്കുന്നതായിരുന്നു.
സുഹൃത്തിനെ വിദേശത്തേക്ക് വിമാനം കയറ്റിവിട്ട് മടങ്ങവെ ശ്രീജിത്തും മനോജും സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിക്കുകയായിരുന്നു പരിക്കേറ്റ ടോറസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്ത് മനുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. അബുദാബിയില്‍ ജോലിക്കായാണ് മനു പോയത്.ചൊവ്വാഴ്ച രാവിലെ 5.45-ഓടെ എം.സി.റോഡില്‍ മോനിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം മുതുകുളം മലയിലേക്ക് പോകുന്ന കവലയിലായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha


























