ഫുട്‌ബോഡിൽ വരെ യാത്രക്കാർ നിറഞ്ഞതോടെ കുറച്ച് ആളുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഡോർ അടയ്ക്കാൻ സാധിക്കൂ എന്ന് ബസ് ജീവനക്കാർ; വിദ്യാർത്ഥികൾ അടക്കമുള്ള കുറച്ച് പേർ പുറത്തിറങ്ങി; ബസ് മുന്നോട്ട് പോയി നിമിഷങ്ങൾക്കകം രണ്ടു ബൈക്കിലായി ബസിനു വട്ടം വച്ച് തടഞ്ഞുനിർത്തി; യാത്രക്കാർ നോക്കി നിൽക്കെ ബസ് തടഞ്ഞ് വിദ്യാർത്ഥികൾ ഡ്രൈവറെ മർദിച്ചു; മൂക്കിന്റെ പാലമൊടിഞ്ഞ് ഡ്രൈവർ ആശുപത്രിയിൽ; കോട്ടയം - എറണാകുളം റൂട്ടിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ മിന്നൽ പണിമുടക്ക്

തലയോലപ്പറമ്പിൽ സ്വകാര്യ ബസിനു കുറുകെ ബൈക്ക് നിർത്തി, ഡ്രൈവറെ ബസിനുള്ളിൽ നിന്നും വലിച്ചിറക്കി വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് തൊഴിലാളികൾ. എറണാകുളം - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസിലെ ജീവനക്കാരാണ് മിന്നൽ പണിമുടക്ക് നടക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും വരെ പണിമുടക്ക് തുടരുമെന്ന് തൊഴിലാളി പ്രതിനിധികൾ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിലാണ് തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായത്. വിദ്യാർത്ഥികളുടേതെന്നു സംശയിക്കുന്ന ആക്രമണത്തിൽ പരിക്കേറ്റ കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിന്റെ ഡ്രൈവർ കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി രഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ മൂക്കിന്റെ പാലത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ ഉൾപ്പെട്ടവരെന്നു കരുതുന്ന മൂന്നു പേരെയും, ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോട്ടയം - എറണാകുളം റൂട്ടിൽ തലയോലപ്പറമ്പിന് സമീപം നീർപ്പാറയിലായിരുന്നു അക്രമ സംഭവങ്ങൾ.
ഡി.ബി കോളേജിനു മുന്നിൽ ബസിൽ സീറ്റിങിൽ കൂടുതൽ ആളുകൾ കയറിയിരുന്നു. ഫുട്‌ബോഡിൽ വരെ യാത്രക്കാർ നിറഞ്ഞതോടെ കുറച്ച് ആളുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഡോർ അടയ്ക്കാൻ സാധിക്കൂ എന്ന് ജീവനക്കാർ നിലപാട് എടുത്തു. ഇതേ തുടർന്ന്, വിദ്യാർത്ഥികൾ അടക്കമുള്ള കുറച്ച് പേരെ പുറത്തിറക്കിയതായി തൊഴിലാളികൾ പറയുന്നു. ഇതിനു പിന്നാലെ, ബസ് കോളേജിനു സമീപത്തു നിന്നു പോയി.
പത്തു മിനിറ്റിന് ശേഷം നീർപ്പാറയ്ക്കു സമീപത്ത് രണ്ടു ബൈക്കിലായി എത്തിയ സംഘം, ബസിനു വട്ടം വച്ച ശേഷം തടഞ്ഞു നിർത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു മനസിലാകുന്നതിനു മുൻപ് ഡ്രൈവർക്ക് മർദനമേറ്റതായി യാത്രക്കാർ പറയുന്നു. ഇതിനു ശേഷം അക്രമം കണ്ട് ഓടിയെത്തി തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെയും, നാട്ടുകാരെയും അക്രമി സംഘം മർദിച്ചു. ആക്രമണത്തിനു ശേഷം സംഘം ബൈക്കിൽ തന്നെ രക്ഷപെട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.
ഈ വിഷയത്തിലാണ് ഇപ്പോൾ ബസ് ജീവനക്കാർ പണിമുടക്കും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഇപ്പോൾ പണിമുടക്കിയിരിക്കുന്നത്. എന്നാൽ, പണിമുടക്ക് സംബന്ധിച്ചു തങ്ങൾക്ക് നോട്ടീസൊന്നും നൽകിയിട്ടില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ അപ്രതീക്ഷിതമായി പണിമുടക്കിയത് എറണാകുളം - കോട്ടയം റൂട്ടിലെ യാത്രക്കാരെയും ദുരിതത്തിലാക്കി.
https://www.facebook.com/Malayalivartha


























