കെപിഎസി ലളിതയാണ് എന്ന് പറയുമ്പോൾ ഒരു ആശ്വാസമായിരുന്നു... കൂടെ അഭിനയിക്കുന്നവർ നന്നായി അഭിനയിക്കുമ്പോഴാണ് നമുക്കും അതെ പോലെ നില്ക്കാൻ കഴിയുള്ളു.. ലളിതയുടെ കൂടെ അഭിനയിക്കുമ്പോൾ തോന്നുക എനിക്ക് അവരെക്കാൾ നന്നായി അഭിനയിക്കണം എന്നാണ്... തുറന്ന് പറഞ്ഞ് ഇന്നസെന്റ്

കെപിഎസി ലളിതയുമായുള്ള ഓർമ്മകൾ പങ്കുവച്ച് ഇന്നസെന്റ്. മലയാള സിനിമ ഉള്ളടത്തോളം കാലം കെപിഎസി ലളിതയെ മറക്കില്ല എന്ന് ഇന്നസെന്റ് .
ഇന്നസെന്റിന്റെ വാക്കുകളിലൂടെ...
കെപിഎസി നാടകത്തിൽ നിന്നാണ് ലളിത എത്തുന്നത്. സാധാരണ രീതിയിൽ നാടകത്തിൽ നിന്ന് വരുന്ന പുരുഷന്മാരായാലും സ്ത്രീകളായാലും അധികം സിനിമയിൽ ശോഭിക്കാറില്ല. എന്നാൽ ലളിതയുടെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു. ഒന്നും സിനിമയ്ക്ക് വേണ്ടി അവർ പഠിച്ചതായിരുന്നില്ല. ജീവിതത്തിൽ സംസാരിക്കുന്നതു പോലെ പെരുമാറുന്നത് പോലെയുള്ള ഭാഷയാണ് ലളിതയുടെ പ്രത്യേകത. അവര് നമ്മുടെ കൂടെ അഭിനയിക്കുമ്പോഴോ അല്ലെങ്കിൽ അവരുടെ സിനിമകൾ കാണുമ്പോഴോ നമ്മുടെ അടുത്തുള്ള ആരോ സംസാരിക്കുന്നതുപോലെയാണ് തോന്നുക. അത് എന്തുകൊണ്ട് തോന്നുന്നു എന്ന് പറഞ്ഞാൽ മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ അവർ അവരത്തരിപ്പിക്കുന്നു എന്നുള്ളതാണ്.
ഒരു കാര്യം ഉറപ്പാണ് ഇന്ന് തമിഴിലോ തെലുങ്കിലോ കന്നഡയിലോ എവിടെ നോക്കിയാലും ലളിതയെ വെല്ലാൻ ഒരു നടിയും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. മലയാള സിനിമ എത്രകാലം വരെ ഉണ്ടോ അത്രെയും നാൾ വരെ നമ്മൾ ലളിതയെ ഓർക്കും എന്നതിൽ സംശയമില്ല. അവർ ഒരിക്കലും മാഞ്ഞു പോകില്ല.
സാധാരണ എന്റെ കൂടെ അഭിനയിക്കുന്ന നായികമാർ ഇന്നയാൾ വേണമെന്ന് ഞാൻ പറയാറില്ല. പക്ഷെ കെപിഎസി ലളിത ആണെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. സംവിധയാകർ എന്നോട് കഥപറയുമ്പോൾ അഭിനയിക്കുന്നത് ആരാണ് എന്ന് ചോദിക്കും, കെപിഎസി ലളിതയാണ് എന്ന് പറയുമ്പോൾ ഒരു ആശ്വാസമായിരുന്നു. കൂടെ അഭിനയിക്കുന്നവർ നന്നായി അഭിനയിക്കുമ്പോഴാണ് നമുക്കും അതെ പോലെ നില്ക്കാൻ കഴിയുള്ളു. ലളിതയുടെ കൂടെ അഭിനയിക്കുമ്പോൾ തോന്നുക എനിക്ക് അവരെക്കാൾ നന്നായി അഭിനയിക്കണം എന്നാണ്. ഗോഡ്ഫാദർ എന്ന സിനിമയിലെ സ്വാമിനാഥൻ എന്ന കഥാപാത്രം കൊച്ചമ്മിണി എന്ന തന്റെ ഭാര്യയെ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. അന്ന് ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് നായികമാരെ തിരഞ്ഞു.
അപ്പോഴാണ് ആ റോളിന് ലളിതയായിരിക്കും നല്ലത് , മറ്റെവിടെയും പോകണ്ട എന്ന് ഞാൻ പറഞ്ഞത്. അങ്ങനെയാണ് ലളിത എത്തുന്നത്. അവിടെ അവർ അഭിനയിക്കുന്നതിന് വേണ്ടി സ്‌ട്രെയിൻ ചെയ്യാറുണ്ട്. അതാണ് അവരുടെ പ്രത്യേകത. അത് അവർ ഒരു വീട്ടിൽ പെരുമാറുന്നത് പോലെയാണ് അഭിനയിക്കുന്നത്. ഒരു സീൻ തന്നാൽ പോലും ഞങ്ങൾ ഒരുമിച്ചിരുന്നു അത് പറഞ്ഞു നോക്കുമായിരുന്നു.
https://www.facebook.com/Malayalivartha


























