പുടിന്‍ വേറെ ലെവല്‍... ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് റഷ്യ യുക്രെയ്‌നില്‍ കുതിക്കുന്നു; അമേരിക്കയുടെ പ്രതാപകാലം പോലെ റഷ്യ മുമ്പോട്ട്; ആരൊക്കെ പറഞ്ഞിട്ടും കേള്‍ക്കാത്ത പുടിന്‍ ശക്തനാകുന്നു; റഷ്യയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ പുടിന്‍ ചെറിയ മീനല്ല

ഇപ്പോള്‍ ലോകത്ത് പുടിനാണ് താരം. എന്നും ലോകത്തിന്റെ മുമ്പില്‍ ഒന്നാമതായി നിന്ന അമേരിക്കന്‍ പ്രസിഡന്റിനെ നിഷ്പ്രഭമാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇപ്പോള്‍ പുടിനാണ് താരം. പുടിന്റെ ജീവ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും രസകരമായ കാര്യങ്ങള്‍ കാണാനാകും.
പതിനാലാം വയസില്‍ സഹപാഠിയുടെ കാല്‍ അടിച്ചൊടിച്ച വ്‌ളാഡിമിര്‍ പുടിന്‍, അതേപ്പറ്റി അധ്യാപികയോടു പറഞ്ഞത് ചിലര്‍ക്ക് അടിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നാണ്. റഷ്യയുടെ പ്രസിഡന്റായ ശേഷം 2015 ല്‍ അദ്ദേഹം പറഞ്ഞത് ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ലെങ്കില്‍, ആദ്യം അടിക്കണം എന്നാണ്. ആയോധന കലയായ ജൂഡോയില്‍ സമര്‍ഥനായ പുടിന്റെ രാഷ്ട്രീയതന്ത്രവും അതുതന്നെയാണ്.
ലെനിന്‍ഗ്രാഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിയമം പഠിച്ചശേഷം 1975 ല്‍ 23ാം വയസ്സില്‍, സോവിയറ്റ് രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയില്‍ ചേര്‍ന്നു. 1990 ല്‍ ലഫ് കേണല്‍ പദവിയിലെത്തി. സോവിയറ്റ് യൂണിയന്റെ അവസാന ദിനങ്ങളില്‍ കിഴക്കന്‍ ജര്‍മനിയില്‍ കെജിബി ഓഫിസറായിരുന്നു.
രാജ്യം ഛിന്നഭിന്നമായ ഘട്ടത്തില്‍ മോസ്‌കോയുമായുള്ള വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച പുടിന്‍, ഓഫിസ് ഫയലുകള്‍ക്ക് തീയിട്ട ശേഷം കയ്യില്‍ കിട്ടിയ വസ്തുക്കളുമായി നാട്ടിലേക്കു മടങ്ങി. അതില്‍ അല്‍പമെങ്കിലും വിലകിട്ടിയത് ഒരു വാഷിങ് മെഷീനായിരുന്നു. 1990 ല്‍ സ്വദേശമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ എത്തിയശേഷമുള്ള നാളുകളില്‍ ജീവിക്കാനായി ടാക്‌സി ഓടിക്കേണ്ടി വന്നുവെന്ന് അടുത്തകാലത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച 20ാം നൂറ്റാണ്ടിലെ വലിയ ദുരന്തം ആണെന്നാണു പുടിന്‍ പറഞ്ഞത്. ആ സാമ്രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന്റെ തുടക്കമായാണ് 2014 ല്‍ യുക്രെയ്‌നില്‍ നിന്ന് ക്രൈമിയ പിടിച്ചെടുത്ത് റഷ്യയോടു ചേര്‍ത്തത്.
സോവിയറ്റ് അനന്തര കാലത്തു സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ആദ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ട അനടോലി സോബചാക്കിന്റെ ഉപദേഷ്ടാവായാണ് പുടിന്റെ പൊതുജീവിതത്തിന്റെ തുടക്കം. സോബചാക് ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ പുടിന്റെ പ്രഫസറായിരുന്നു. അദ്ദേഹത്തിനു കീഴില്‍ പുടിന്‍ പിന്നീട് ഡെപ്യൂട്ടി മേയറായി. 1996 ല്‍ മോസ്‌കോയിലെത്തി പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ സ്റ്റാഫില്‍ ചേര്‍ന്നു. 1998 ല്‍ യെല്‍സിന്‍ പുടിനെ കെജിബിയുടെ പുതുരൂപമായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്എസ്ബി) ഡയറക്ടറാക്കി. 1999 ല്‍ യെല്‍സിനു കീഴില്‍ ഒരുവര്‍ഷം പ്രധാനമന്ത്രിയായി. 2000 ല്‍ പ്രസിഡന്റായി.
യെല്‍സിന്റെ കാലത്ത് വ്യാപകമായ അഴിമതിയും തൊഴിലില്ലായ്മയും അധോലോകവിളയാട്ടവും അമര്‍ച്ച ചെയ്യാനാണ് പുടിന്റെ ആദ്യകാലത്തു ശ്രദ്ധിച്ചത്. ചെച്‌നിയയിലെ വിമതര്‍ക്കെതിരെ റഷ്യ നടത്തിയ സൈനികനടപടികള്‍ക്കു നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ പ്രതിഛായ വളര്‍ത്തി.
റഷ്യയില്‍നിന്നുളള പ്രകൃതിവാതകത്തെ യൂറോപ്പ് വലിയ തോതില്‍ ആശ്രയിക്കുന്നതിനാല്‍ പുടിനു രാജ്യാന്തര തലത്തില്‍ വന്‍ സ്വാധീനം നേടാനായി. സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതോടെ മധ്യപൂര്‍വദേശത്തും സൈനികശക്തി തെളിയിച്ചു. 2 ദശകം പിന്നിട്ട ഭരണകാലത്തു റഷ്യയില്‍ ഉയര്‍ന്ന വിമതശബ്ദങ്ങളെ ഓരോന്നായി പുടിന്‍ അടിച്ചമര്‍ത്തി. ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ പൂട്ടിച്ചു. പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചു.
2017 ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനുവേണ്ടി റഷ്യ ഏജന്‍സികള്‍ ഇടപെട്ടതായി ആക്ഷേപമുയര്‍ന്നു. പുടിനും ട്രംപും ആരോപണം നിഷേധിച്ചെങ്കിലും ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇ മെയിലുകള്‍ ചോര്‍ത്തിയതടക്കം നടപടികള്‍ റഷ്യയുടെ ഒത്താശയോടെയായിരുന്നുവെന്നാണു കണ്ടെത്തല്‍.
2018 മാര്‍ച്ചില്‍ നാലാവട്ടം പ്രസിഡന്റായി. 2024 ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാഭേദഗതി 2020 ല്‍ കൊണ്ടുവന്നു. സോവിയറ്റ് കാലത്തേതു പോലെ സര്‍വാധികാരവും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഭരണസംവിധാനത്തിലേക്കാണ് പുടിന്‍ റഷ്യയെ മാറ്റിയത്. യുക്രെയ്ന്‍ റഷ്യയുടെ കിരീടത്തിലെ രത്‌നം ആണെന്നും ഇരുരാജ്യങ്ങളും ഒരൊറ്റ ജനതയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























