തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍, പൂഴിക്കടകനുമായി ക്രൈംബ്രാഞ്ച്; ദിലീപിനെ അവർ ഒറ്റും!

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.
കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും ദിലീപ് കോടതിയിൽ വാദിച്ചു.
എന്നാൽ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ഇനി കുറച്ച് പേർക്ക് കൂടി പണി കിട്ടാൻ പോകുന്നു എന്ന സൂചന തൊട്ടുപിന്നാലെ ലഭിച്ചിട്ടുണ്ട്.
ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നേ തന്നെ ഫോര്‍മാറ്റ് ചെയ്‌തെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു വിപുലമായ അന്വേഷണം നടത്താൻ തീരുമാനമുണ്ട്. എവിടെ വച്ച്, ആരാണു ഫോര്‍മാറ്റ് ചെയ്‌തതെന്നു കണ്ടെത്താന്‍ സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യാനാണു നീക്കം.
ഫോര്‍മാറ്റ് ചെയ്‌തയാളെ പ്രതിചേര്‍ക്കാനാണു സാധ്യത. കാര്യങ്ങൾ വെളിപ്പെടുത്തിയാൽ പിന്നീടു മാപ്പുസാക്ഷിയാക്കാനും കഴിയും. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണില്‍ കൃത്രിമം നടത്തിയതായി തെളിഞ്ഞാല്‍, തെളിവു നശിപ്പിച്ചതിനു പ്രതികളുടെ ജാമ്യം പോലും റദ്ദാക്കപ്പെടാം. അത്തരത്തിൽ ഒരു നീക്കം ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ അറസ്റ്റും ജയിൽ വാസവും ഭയന്ന് അവർ സത്യങ്ങൾ വിളിച്ചു പറയാൻ നിർബന്ധിതരാവും.
അങ്ങനെ സംഭവിച്ചാൽ കേസിൽ അത് തുറുപ്പ് ചീട്ടായി തന്നെ പ്രോസിക്യൂഷനും ഉപയോഗിക്കാനാകും. ഫോര്‍മാറ്റ് ചെയ്‌തവര്‍, പ്രതികള്‍, പ്രേരിപ്പിച്ചവര്‍, സഹായം നല്‍കിയവര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തതു എവിടെവച്ചാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ടെന്നാണു വിവരം. ഡിലീറ്റ് ചെയ്‌തവയില്‍ ചിലതു വീണ്ടെടുക്കാനായിട്ടുണ്ട്. ഇതനുസരിച്ച് കരുക്കൾ നീക്കുകയാണ് പോലീസ് സംഘം.
ഇസ്രയേലിന്റെ യൂഫെഡ് എന്ന ഹാക്കിങ് ടൂളാണു ഫോറന്‍സിക് ലാബില്‍ ഉപയോഗിക്കുന്നത്. ഈ ഉപകരണം ലഭ്യമാകുന്നതിനു മുമ്പൊക്കെ വിദഗ്‌ധ പരിശോധനയ്‌ക്കായി ഫോണുകള്‍ വിദേശത്തേയ്‌ക്ക് അയയ്‌ക്കേണ്ട സ്‌ഥിതിയായിരുന്നു. റിപ്പോര്‍ട്ട് വരാന്‍ മാസങ്ങളെടുക്കുമായിരുന്നു. ദിലീപിന്റേതടക്കമുള്ള ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് വേഗം ലഭ്യമായതു ഇതുകാരണമാണ്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ ജനുവരി 31 ന് രാവിലെ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലിനു മുദ്രവച്ച കവറില്‍ കൈമാറാനാണു ഹൈക്കോടതി ജനുവരി 29 നു നിര്‍ദ്ദേശം നല്‍കിയത്. അതനുസരിച്ച് ദിലീപ് സമർപ്പിച്ചു.
എന്നാല്‍, അതിനു തലേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്‌തുവെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുമ്പുതന്നെ ഫോര്‍മാറ്റ് നടന്നതായാണു അന്വേഷണസംഘം സംശയിക്കുന്നത്. പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തതറിഞ്ഞ ഉടന്‍ തന്നെയാകാം ഫോണുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും ഫോര്‍മാറ്റ് ചെയ്‌തതും. ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും അതില്‍ നിര്‍ണായകമായ മൊഴികള്‍ അടങ്ങിയിട്ടുണ്ടെന്നുമാണു പ്രോസിക്യൂഷന്റെ നിലപാട്. ഇതെല്ലാം തന്നെ ദിലീപിന് പിന്നെയും പൊല്ലാപ്പാവും എന്ന കാര്യത്തിൽ സംശയമില്ല.
കൂടാതെ കോടതിയിൽ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതിനിടെ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുന്നതും മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലിപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha
























